ഭൂവിടപാടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ബി.ജെ.പി നീക്കം: മാധ്യമപ്രവര്‍ത്തകനെതിരെ രോഷപ്രകടനവുമായി റോബര്‍ട്ട് വദ്ര
Daily News
ഭൂവിടപാടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ബി.ജെ.പി നീക്കം: മാധ്യമപ്രവര്‍ത്തകനെതിരെ രോഷപ്രകടനവുമായി റോബര്‍ട്ട് വദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd November 2014, 9:59 am

vadra1

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനെതിരെ പ്രകോപിതനായി പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്ര. വദ്രയുടെ ഭൂമിയിടപാടുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയത്.

ന്യൂദല്‍ഹിയിലെ അഷോക ഹോട്ടലിലാണ് സംഭവം നടന്നത്. വദ്രയുടെ കമ്പനി ഹരിയാനയില്‍ ഇരുപത് ഇടങ്ങളിലായി 770 ഏക്കര്‍ ഭൂമി വാങ്ങിയെന്ന് അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വ്യവസായ പദ്ധതികള്‍ക്കായി നീക്കിവെച്ച ഭൂമി വന്‍വിലയ്ക്കായിരുന്നു വദ്ര വാങ്ങിയത്. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

ക്രുദ്ധനായ വദ്ര മൈക്കിന് മുന്നില്‍ നിന്ന് നീങ്ങി മാധ്യമപ്രവര്‍ത്തകനോട് ക്രുദ്ധനായി സംസാരിച്ചു. പിന്നീട് മൈക്ക് പിടിച്ചുമാറ്റുകയും ക്യാമറ ഓഫ് ചെയ്യാന്‍ അക്രോശിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകനോട് ഈ വീഡിയോ ഫൂട്ടേജ് ഡിലീറ്റ് ചെയ്യാനും വദ്ര ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ സീരിയസാണോ, സീരിയസാണോ എന്ന് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടായിരുന്നു വദ്രയുടെ രോഷപ്രകടനം. ഹരിയാനയില്‍ നടന്ന ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിക്കാനുള്ള പുതിയ ബി.ജെ.പി സര്‍ക്കാറിന്റെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് വദ്രയെ പ്രകോപിപ്പിച്ചത്.

കോണ്‍ഗ്രസ് കുടുംബത്തിന്റെ മരുമകന്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് വദ്ര ഹരിയാനയില്‍ ഭൂമി സ്വന്തമാക്കിയതെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ബി.ജെ.പി ആരോപണം. ഇതിന്റെ ഭാഗമായി അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ബി.ജെ.പി ഈ വിഷയത്തില്‍ അന്വേഷണത്തിനും ഒരുങ്ങിയിരിക്കുകയാണ്.

ബി.ജെ.പി അന്വേഷണം പ്രഖ്യാപിച്ചിട്ടും വദ്രയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളൊന്നും തന്നെ എത്തിയിട്ടില്ല. കോണ്‍ഗ്രസ് വക്താക്കളായും തന്നെ ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന് നേരെയുള്ള വദ്രയുടെ രോഷപ്രകടനം.

ഈ വാര്‍ത്ത പുറത്തായതോടെ വിശദീകരണവുമായി അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. ചോദ്യം ചോദിച്ചയാള്‍ മാധ്യമപ്രവര്‍ത്തകനായിരുന്നെന്ന് വദ്രയ്ക്ക് അറിയില്ലെന്നാണ് വിശദീകരണ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അയാള്‍ സ്വകാര്യ ഫോട്ടോഗ്രാഫര്‍ ആണെന്നാണ് വദ്രധരിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

അതിനിടെ വദ്രയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിക് മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരാതി ലഭിയ്ക്കുകയാണെങ്കില്‍ വദ്രയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.