| Friday, 5th April 2024, 9:08 pm

അമേഠിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് റോബര്‍ട്ട് വദ്ര; ബി.ജെ.പിക്ക് തല്ലാന്‍ വടി കൊടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേഠിയില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബര്‍ട്ട് വദ്രയുടെ പ്രതികരണം.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വദ്രയുടെ പരസ്യ പ്രതികരണത്തില്‍ കോണ്‍ഗ്രസിനകത്ത് കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. റോബര്‍ട്ട് വദ്രയുടെ പ്രസ്താവന അനാവശ്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയില്‍ തല്‍ക്കാലം ചര്‍ച്ചയില്‍ ഉള്ളതെന്നും നേതാക്കള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടും അമേഠിയിലും റായ്ബറേലിയും ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ഇപ്പോഴും ധാരണ ആയിട്ടില്ല. ഇതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി റോബര്‍ട്ട് വദ്രയുടെ പ്രതികരണം പുറത്ത് വന്നത്. വ്യാഴാഴ്ച സോണിയാ ഗാന്ധി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും റോബര്‍ട്ട് വദ്ര എത്തിയിരുന്നു.

എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള വദ്രയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് എതിര്‍പ്പ് ശക്തമാണ്. രാഹുല്‍ ഗാന്ധിയുടെ അറിവോടെയല്ല റോബര്‍ട്ട് വദ്രയുടെ പ്രസ്താവന എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിനിടയില്‍ വദ്രയുടെ പ്രതികരണം ബി.ജെ.പിക്ക് അടിക്കാന്‍ ആയുധം നല്‍കുന്നതിന് തുല്യമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് ഇതിന് മുമ്പും വദ്ര രംഗത്തെത്തിയിരുന്നു.

Content Highlight: Robert Vadra expresses interest to contest from Amethi

Latest Stories

We use cookies to give you the best possible experience. Learn more