ദല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധി എന്തുകൊണ്ടും യോഗ്യയാണെന്ന് പങ്കാളിയായ റോബര്‍ട്ട് വാദ്ര. അടുത്ത തവണ പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വാദ്ര ഇക്കാര്യം പറഞ്ഞത്.
‘അവള്‍ ഉറപ്പായും ലോക്‌സഭയില്‍ ഉണ്ടായിരിക്കണം. അവള്‍ക്ക് അതിനുള്ള എല്ലാ യോഗ്യതയും ഉണ്ട്. അവള്‍ പാര്‍ലമെന്റില്‍ മികച്ചുനില്‍ക്കും. അതിനുള്ള എല്ലാ അര്‍ഹതയും അവള്‍ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യം പരിഗണിക്കുകയും അവള്‍ക്കായി മെച്ചപ്പെട്ട പലതും കരുതിവെക്കുമെന്നും ഞാന്‍ കരുതുന്നു,’ വാദ്ര പറഞ്ഞു.
പാര്‍ലമെന്റില്‍ സംസാരിക്കവെ സ്മൃതി ഇറാനി ഗൗതം അദാനിക്കൊപ്പമുള്ള തന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയതിനെ കുറിച്ചും വാദ്ര സംസാരിച്ചു. താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നയാളാണെന്നും എന്നാല്‍ തന്റെ പേരില്‍ എന്തെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നുമാണ് വാദ്ര പറഞ്ഞത്.
‘എന്റെ പേര് പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, എന്റെ ചിത്രം അവര്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരുങ്ങുന്നുണ്ടെങ്കില്‍ ഞാന്‍ അദാനിക്കൊപ്പം ചെയ്ത എന്തെങ്കിലും ഒന്ന് കാണിച്ചുതരാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. അഥവാ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അത് ഉറപ്പായും കൈകാര്യം ചെയ്യും. എന്നാല്‍ അങ്ങനെ അല്ല എങ്കില്‍ അവര്‍ ആ പ്രസ്താവന പിന്‍വലിക്കാനും മാപ്പ് പറയാനും തയ്യാറാകണം,’ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തില്‍ പ്രതീക്ഷയുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ എന്നത് വളരെ നല്ല പേരായി എനിക്ക് തോന്നുന്നു. ഞങ്ങള്‍ ഇന്ത്യയെ ഇനിയും മഹത്തരമാക്കാന്‍ പോവുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയെ പൂര്‍ണമായും നശിപ്പിച്ചിരിക്കുയാണ്.
നമ്മുടെ രാജ്യത്തെ കൂടുതല്‍ മികച്ചതാക്കാനും മതേതരത്വമുള്ളതാക്കാനും കൂടുതല്‍ പുരോഗമനപരമാക്കാനും വീണ്ടും ഐക്യപ്പെടാനും രാജ്യത്തെ പൗരന്‍മാര്‍ അവസരം നല്‍കുമെന്ന് ഞാന്‍ കരുതുന്നു,’ വാദ്ര പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും എന്തുകൊണ്ടാണ് അവിടെ സന്ദര്‍ശനം നടത്താത്തതെന്നും വാദ്ര ചോദിച്ചു.
‘മണിപ്പൂരില്‍ നടക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ ആ ഞെട്ടിക്കുന്ന വീഡിയോ പ്രധാനമന്ത്രിക്ക് ഒരിക്കല്‍ക്കൂടി അയക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഇത് വളരെ സെന്‍സിറ്റീവായ വിഷയമാണ്. മണിപ്പൂരില്‍ സംഭവിക്കുന്നതെന്താണെന്ന് പ്രധാനമന്ത്രി തന്നെ പരിശോധിക്കണം. അവര്‍ക്ക് അവിടെ സര്‍ക്കാര്‍ ഉണ്ട്. അവര്‍ ആ വിഷയം പരിഹരിക്കണം. അല്ലെങ്കില്‍ ആ വിഷയം പരിഹരിക്കാന്‍ മറ്റേതെങ്കിലും പാര്‍ട്ടിയെ അനുവദിക്കണം,’ റോബര്‍ട്ട് വാദ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Robert Vadra about Priyanka Gandhi