| Wednesday, 26th July 2023, 1:28 pm

മയാമിയിലെ മെസിയുടെ നെയ്മറും സുവാരസും; പൂജ്യത്തില്‍ നിന്നും തുടങ്ങിയവന്‍, ആരാണ് റോബര്‍ട്ട് ടെയ്‌ലര്‍?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റ മത്സരത്തില്‍ ലോക ചാമ്പ്യന്‍ കളത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ഗോള്‍ നേടിയാണ് റോബര്‍ട്ട് ടെയ്‌ലര്‍ എന്ന ഫിന്നിഷ് ഫു്ടബോളര്‍ തലക്കെട്ടുകളുടെ ഭാഗമായത്. ക്രൂസ് അസൂളിനെതിരെ മെസിയുടെ ഫ്രീ കിക്ക് ഗോളിന് മുമ്പ് തന്നെ ടെയ്‌ലര്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറി.

ആദ്യ മത്സരത്തില്‍ മാത്രമല്ല, അറ്റ്‌ലാന്റക്കെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേടുകയും മെസിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് ടെയ്‌ലര്‍ വീണ്ടും ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായത്.

ഇന്റര്‍ മയാമി – അറ്റ്‌ലാന്റ മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ മെസി ഹോം ടീമിനെ മുമ്പിലെത്തിച്ചിരുന്നു. തുടര്‍ന്ന് 14ാം മിനിട്ടില്‍ മറ്റൊരു ഗോള്‍ നേടി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മയാമിയുടെ 16ാം നമ്പര്‍ താരം റോബര്‍ട്ട് ടെയ്‌ലറിന്റെ അസിസ്റ്റിലൂടെയാണ് മെസി വലകുലുക്കിയത്.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ക്രെമാസിച്ചിയുടെ അസിസ്റ്റില്‍ ഗോള്‍ നേടിയ ടെയ്‌ലര്‍ ഹാഫ് ടൈമിന് മുമ്പ് മയാമിക്ക് മൂന്ന് ഗോളിന്റെ ലീഡ് നേടിക്കൊടുത്തു.

രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിട്ടിനകം തന്നെ മയാമിയുടെ നാലാം ഗോളും ടെയ്‌ലറിന്റെ രണ്ടാം ഗോളും പിറന്നു. തന്റെ രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കിയ ടെയ്‌ലറിന്റെ രണ്ടാംഗോളിന് വഴിയൊരുക്കിയാണ് മെസി കയ്യടി നേടിയത്. ഈ ഗോളിന് ശേഷമുള്ള ഇരുവരുടെയും ആഘോഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇരുവരുടെയും പരസ്പരമുള്ള കെമിസ്ട്രിയും ബ്രൊമാന്‍സും ബാഴ്‌സയിലെ മെസി-സുവാരസ്-നെയ്മര്‍ ത്രയത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

നിലവില്‍ സ്‌പോട്‌ലൈറ്റില്‍ നില്‍ക്കുന്ന ഈ 28കാരന്റെ യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ഇംഗ്ലണ്ടിലെ നോണ്‍ ലീഗ് ടീമുകള്‍ക്കും ലോവര്‍ ഡിവിഷന്‍ ടീമുകള്‍ക്ക് വേണ്ടിയും പന്ത് തട്ടിയാണ് ടെയ്‌ലറും മുന്നേറിയത്. എന്നാല്‍ ഇത്തരം ലീഗുകളില്‍ കളത്തിലിറങ്ങാന്‍ പോലുമുള്ള അവസരം പലപ്പോഴും ലഭിച്ചിരുന്നില്ല. മിക്ക മത്സരത്തിലും ബെഞ്ചില്‍ തന്നെയായിരുന്നു അവന്റെ സ്ഥാനം.

സ്വന്തം കോച്ച് പോലും ടെയ്‌ലറില്‍ വിശ്വാസമര്‍പ്പിച്ചിരുന്നില്ല. ടെയ്‌ലറിന് നന്നായി കളിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു അയാള്‍ കരുതിയത്. എന്നാല്‍ ടെയ്‌ലറിന്റെ ദൃഡനിശ്ചിയം അവനെ മുമ്പോട്ട് നടത്തിച്ചു.

നോട്ടിങ്ഹാം ഫോറസ്റ്റിലും ലിങ്കണ്‍ സിറ്റിയിലും കരിയറിന്റെ തുടക്കകാലത്ത് താരം കളിച്ചിരുന്നു.

എന്നാല്‍ ഫുട്‌ബോളില്‍ തിളങ്ങാന്‍ തന്നെക്കൊണ്ട് സാധിക്കില്ലെന്ന് പോലും താന്‍ വിശ്വസിച്ചിരുന്നുവെന്നും ഫിന്‍ലന്‍ഡിലെ മാതാപിതാക്കളെ വിളിച്ച് താന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്നും ടെയ്‌ലര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലിങ്കണിലും മൂര്‍ലാന്‍ഡ്‌സിലും ബെഞ്ചിലിരിക്കുന്ന സമയത്ത് ഞാന്‍ മെസിക്കും ബുസ്‌ക്വെറ്റ്‌സിനുമൊപ്പം കളിക്കുമെന്ന് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അയാളുടെ മുഖത്ത് നോക്കി ചിരിച്ചേനേ. ആ ടീമുകളില്‍ പോലും ഞാന്‍ ബെഞ്ചിലിരിക്കുകയായിരുന്നു. കളത്തില്‍ എനിക്ക് അധികം സമയം ലഭിച്ചിരുന്നില്ല. ഞാന്‍ വേണ്ടത്ര ശക്തനല്ല, മികച്ച താരമല്ല എന്ന് കോച്ച് പറഞ്ഞിരുന്നു.

യുവതരമായിരിക്കെ ഇതെന്നെ ശരിക്കും പരീക്ഷിക്കുന്നതായിരുന്നു. ഞാന്‍ ഫിന്‍ലന്‍ഡിലുള്ള അച്ഛനെയും അമ്മയെയും വിളിച്ച് എനിക്ക് മറ്റെന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞിരുന്നു,’ ടെയ്‌ലര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. കളത്തിലിറങ്ങാന്‍ അവസരം കാത്തുനിന്നവന്‍ ഇന്ന് സാക്ഷാല്‍ ലയണല്‍ മെസിയുടെ ടീമിലെ ആദ്യ ഇലവനിലെ സ്ഥിരാംഗമാണ്, മെസിക്കൊപ്പം ഗോള്‍ നേടുന്നവനാണ്. ഇനിയും ടെയ്‌ലര്‍ മാജിക്കിനായി കാത്തിരിക്കാം.

Content highlight: Robert Taylor, Messi’s teammate at Inter Miami

Latest Stories

We use cookies to give you the best possible experience. Learn more