| Tuesday, 21st November 2017, 10:54 pm

37 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരാരെ: 37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജി വെച്ചു. മുഗാബെ രാജിവച്ചതില്‍ പാര്‍ലിമന്റിന് പുറത്ത് തടിച്ച് കൂടിയ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി. പാര്‍ലിമെന്റ് വിളിച്ചുകൂട്ടി മുഗാബയെ ഇംപീച്ച് ചെയ്യാനുള്ള നടപടിയിലേക്ക് പോകാനിരിക്കെയാണ് രാജിയുണ്ടായത്.

1980 ല്‍ സിംബാവെ സ്വാതന്ത്ര്യം നേടിയതിന് ശേഷം മുഗാബെയാണ് രാജ്യത്തിന്റെ ഭരണ സ്ഥാനം കയ്യാളിയിരുന്നത്. രാജിയെത്തുടര്‍ന്ന് സ്പീക്കര്‍ ജേക്കബ് മൂടെണ്ട ഇംപീച്ച്മെന്റിനുള്ള നീക്കം നിറുത്തിവെച്ചു. പട്ടാള അട്ടിമറിക്ക് പിന്നാലെ ഭരണ പാര്‍ട്ടി സാ.നു പി.എഫ് മുഗാബയെ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.


Also Read: കാശ്മീരില്‍ സുരക്ഷാ സേനയ്ക്ക നേരെ കല്ലെറിഞ്ഞ 4500 യുവാക്കളുടെ കേസുകള്‍ പിന്‍വലിക്കുന്നു


93 കാരനായ മുഗാബെ തന്റെ പിന്‍ഗാമിയായി ഭാര്യ ഗ്രേസിനെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. മുഗാബെ ഏകാധിപത്യ രീതിയിലാണ് ഭരണം നടത്തിയിരുന്നത്. ഇതിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധമാണ് മുഗാബെയുടെ സ്ഥാനം തെറിപ്പിച്ചത്. ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്ന മുന്‍ സൈനിക മേധാവി എമ്മേഴ്സണ്‍ നംഗാവയെ അടുത്തിടെ മുഗാബെ പുറത്താക്കിയതും ഇതിന് കാരണമായി.

തുടര്‍ന്നാണ് സെന്യത്തിന്റെ തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിനോ ഷിവേങ്ക സര്‍ക്കാരിനെതിരെ നീക്കം ആരംഭിക്കുകയും മുഗാബെയെ വീട്ടുതടങ്കലിലാക്കി പട്ടാളം ഭരണം പിടിച്ചെടുക്കുകയും ചെയ്തുരുന്നു. അതേസമയം ഏതെങ്കിലും തരത്തിലുള്ള സൈനിക സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പെടില്ലെന്ന് മുഗാബെയുടെ സാനു-പി.എഫ് പാര്‍ട്ടി സൈന്യത്തിന്റെ തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിനോ ഷിവേങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനാന്‍ഗാഗ്വെയെ പുതിയ പ്രസിഡന്റാകും.

We use cookies to give you the best possible experience. Learn more