| Saturday, 22nd October 2022, 11:39 pm

അര്‍ജന്റീന തന്നെ കപ്പ് നേടും, കാരണം അവരുടെ കപ്പിത്താന്‍ ഒരു ഇതിഹാസമാണ്: ലെവന്‍ഡോസ്‌കി

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അവസാന ലോകകപ്പ്, ഇത്തവണത്തെ ലോകകപ്പിന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. മെസി ലോകകപ്പ് ഉയര്‍ത്തിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ അര്‍ജന്റീന മാത്രമല്ല ലോകമെമ്പാടുമുള്ള മെസി ആരാധകര്‍ അത് ആഗ്രഹിക്കുന്നുണ്ട്.

കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2019 മുതല്‍ 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ലോകകപ്പിനെത്തുന്നത്. 1986ന് ശേഷമുള്ള തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം മെസി നേടിത്തരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മെസി ക്യാപ്റ്റനായിറങ്ങിയ ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനക്ക് കപ്പ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അക്കാര്യത്തില്‍ മാറ്റം വരുമെന്ന് തന്നെയാണ് മെസിയെ പോലെ ആരാധകരും വിശ്വസിക്കുന്നത്.

ആരാധകരുടെ ആ പ്രതീക്ഷക്ക് കരുത്ത് പകര്‍ന്നിരിക്കുകയാണ് ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി.

അര്‍ജന്റീനയും മെസിയും തന്നെയാണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഫേവറിറ്റുകളെന്നാണ് ലെവന്‍ഡോസ്‌കി പറഞ്ഞത്.

‘അര്‍ജന്റീനയെ കുറിച്ച് ഞാനായിട്ട് കൂടുതലൊന്നും പറയണ്ടല്ലോ. അവരൊരു വമ്പന്‍ ടീമാണ്. ടൂര്‍ണമെന്റ് ജയിക്കാന്‍ വലിയ സാധ്യതയുള്ളതും അവര്‍ക്ക് തന്നെയാണ്. പിന്നെ മെസിയെ പോലെ ഒരു ഇതിഹാസ കളിക്കാരന്‍ നയിക്കാനുള്ളപ്പോള്‍ അതില്‍ സംശയമൊന്നും വേണ്ടല്ലോ. അതുകൊണ്ട് തന്നെ അര്‍ജന്റീനയുമായുള്ള മത്സരം തന്നെയായിരിക്കും ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മികച്ച കളിക്കാരുള്ള ഒരു ടീമിനോട് കളിക്കാന്‍ കഴിയുന്നത് ഗംഭീരമായ ഒരു അവസരമാണ്,’ ലെവന്‍ഡോസ്‌കി പറഞ്ഞു.

ലെവന്‍ഡോസ്‌കിയുടെ പോളണ്ടും മെസിയുടെ അര്‍ജന്റീനയും ഗ്രൂപ്പ് സിയിലാണ് വരുന്നത്. ഇരു രാജ്യങ്ങളും നവംബര്‍ മുപ്പതിനാണ് ഏറ്റുമുട്ടുന്നത്. സൗദി അറേബ്യയും മെക്‌സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

അതേസമയം അര്‍ജന്റീന തന്നെ ഇത്തവണ കപ്പ് നേടുമെന്ന് മെസിയും നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ അര്‍ജന്റീന കൂടുതല്‍ ശക്തരാണെന്നും മറ്റാരെയും ഭയക്കുന്നില്ലെന്നുമാണ് മെസി പറഞ്ഞത്. തങ്ങള്‍ മികച്ച ടീമാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും കിരീടത്തിനുള്ള ഫേവറിറ്റുകളാണെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെ സംഭവിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ മികച്ച നിലയിലാണുള്ളതെന്നും കപ്പ് നേടാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ട്, ഞങ്ങള്‍ പൊരുതാന്‍ തയ്യാറായാണ് ഇറങ്ങുന്നത്. ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല, കാരണം ഞങ്ങള്‍ ആര്‍ക്കെതിരെയും കളിക്കാന്‍ തയ്യാറാണ്” മെസ്സി പറഞ്ഞു.

നവംബര്‍ 16ന് യു.എ.ഇക്കെതിരെയാണ് അര്‍ജന്റീന തങ്ങളുടെ അവസാന സന്നാഹ മത്സരം കളിക്കുന്നത്. നവംബര്‍ 22ന് സൗദി അറേബ്യക്കെതിരായാണ് ഉദ്ഘാടന മത്സരം.

Content Highlight: Robert Lewandowski says Argentina will win the World Cup because Messi is their captain

We use cookies to give you the best possible experience. Learn more