മെസിക്ക് ബാഴ്‌സലോണയില്‍ ഒരു സ്ഥാനമുണ്ട്, എനിക്കറിയില്ല അദ്ദേഹം വന്നാല്‍ എന്ത് സംഭവിക്കുമെന്ന്: സൂപ്പര്‍താരം
Football
മെസിക്ക് ബാഴ്‌സലോണയില്‍ ഒരു സ്ഥാനമുണ്ട്, എനിക്കറിയില്ല അദ്ദേഹം വന്നാല്‍ എന്ത് സംഭവിക്കുമെന്ന്: സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th April 2023, 8:06 am

പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിക്കൊപ്പം ബാഴ്‌സലോണയില്‍ കളിക്കുന്നതിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പര്‍താരം ലെവന്‍ഡോസ്‌കി. മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് വരുന്നത് അവിശ്വസീനയമായ കാര്യമാണെന്നും അദ്ദേഹത്തിന് ബാഴ്‌സയില്‍ എപ്പോഴും ഒരു സ്ഥാനമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കുമറിയാമെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവയോട് സംസാരിക്കുകയായിരുന്നു താരം.

‘മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുന്നു എന്നുള്ളത് അവിശ്വസനീയമായ കാര്യമാണ്. മെസിക്ക് ബാഴ്‌സലോണയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടെന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

എനിക്കറിയില്ല അദ്ദേഹത്തിന്റെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുക എന്ന്. പക്ഷെ അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് കളിക്കാനാകുമെന്ന് ഞാന്‍ വിശ്വിസിക്കുന്നുണ്ട്,’ ലെവന്‍ഡോസ്‌കി പറഞ്ഞു.

അതേസമയം, ക്ലബ്ബ് ഫുട്ബോളില്‍ ലയണല്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. പാരീസില്‍ തുടരാന്‍ മെസിക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് താരത്തിന് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹമത് സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെ പോകാനാണ് മെസി പദ്ധതിയിടുന്നതെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഈ ക്ലബ്ബുകള്‍ക്ക് പുറമെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍മിയാമിയും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2021ലാണ് ബാഴ്‌സലോണക്ക് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുന്നത്. പി.എസ്.ജിക്കായി ഇതുവരെ കളിച്ച 67 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും 32 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Robert Lewandowski wants to play with Lionel Messi in Barcelona