സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികവോടെ മുന്നേറുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ.
18 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ലീഗിൽ 47 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സയുടെ സ്ഥാനം.
എതിരാളികളായ റയൽ മാഡ്രിഡിനെക്കാളും അത് ലറ്റിക്കോ മാഡ്രിനെക്കാളും പോയിന്റ് ടേബിളിൽ മുന്നിലാണ് ബാഴ്സ.
എന്നാൽ ലീഗിൽ മികച്ച ഫോമിൽ മുന്നേറുമ്പോഴും ടീമിനുള്ളിലെ പ്രശ്നങ്ങളിൽ കലുഷിതമാണ് ബാഴ്സയുടെ അന്തരീക്ഷം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എൽ നാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച് ബാഴ്സയുടെ പോളിഷ് സൂപ്പർ താരമായ റോബർട്ട് ലെവൻഡോസ്കിയും ഫെറാൻ ടോറസും തമ്മിൽ കടുത്ത തർക്കങ്ങൾ നില നിൽക്കുന്നുണ്ട്.
ബാഴ്സലോണക്കായി ടോറസ് മികച്ച രീതിയിൽ കളിക്കുന്നില്ലെന്നും താരത്തെ കൊണ്ട് ക്ലബ്ബിന് ഒരു പ്രയോജനവുമില്ലെന്നാണ് ലെവൻഡോസ്കിയുടെ മനോഭാവമെന്നുമാണ് എൽ നാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ താരത്തിനൊപ്പം തനിക്ക് നന്നായി കളിക്കാൻ സാധിക്കുന്നില്ലെന്നും ലെവക്ക് പരാതിയുണ്ട്.
49 മത്സരങ്ങൾ ബാഴ്സക്കായി കളിച്ച ലെവൻഡോസ്കി 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയത്.
ടോറസിനെ കൂടാതെ അൻസു ഫാറ്റി, റാഫീഞ്ഞ, ഡെമ്പലെ എന്നിവരും മികച്ച രീതിയിലല്ല കളിക്കുന്നത് എന്ന് ബാഴ്സ ആരാധകർക്ക് അഭിപ്രായമുണ്ട്.
കഴിഞ്ഞ വർഷമാണ് 22കാരനായ ടോറസിനെ വലൻസിയയിൽ നിന്ന് സാവി ബാഴ്സയിലേക്കെത്തിച്ചത്.
എന്നാൽ ക്ലബ്ബിന്റെ കളി ശൈലിയിലേക്കും സാവിയുടെ സിസ്റ്റത്തിലേക്കും ഇണങ്ങിച്ചേരാൻ ടോറസിന് ഇതുവരെയും സാധിച്ചിട്ടില്ലെന്ന് ക്ലബ്ബ് മാനേജ്മെന്റിന് പരാതിയുണ്ട്.
ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി നേരിടുന്ന സാഹചര്യത്തിൽ ടോറസിനെ ഒഴിവാക്കി ബാഴ്സയുടെ ശൈലിക്ക് ഇണങ്ങുന്ന പുതിയ താരത്തെ ക്ലബ്ബിലേക്ക് എത്തിക്കണമെന്നാണ് ലെവൻഡോസ്കി ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം ഫെബ്രുവരി 2ന് റയൽ ബെറ്റിസിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.