| Tuesday, 23rd May 2023, 9:37 am

'വ്യത്യസ്തമായ കളി ശൈലി; എനിക്ക് അദ്ദേഹത്തോടൊപ്പം ബാഴ്‌സയില്‍ കളിക്കണം; പി.എസ്.ജി സൂപ്പര്‍താരത്തെ കുറിച്ച് ലെവന്‍ഡോസ്‌കി

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിക്കൊപ്പം ബാഴ്‌സലോണയില്‍ കളിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് റോബേര്‍ട്ട് ലെവന്‍ഡോസ്‌കി. കളത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് മെസിയെന്നും അദ്ദേഹത്തോടൊപ്പം കളിക്കുകയെന്നത് വലിയ ആഗ്രഹമാണെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ബാഴ്‌സലോണയില്‍ മെസിക്കൊപ്പം കളിക്കുകയെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അദ്ദേഹം തന്റെ കളി ശൈലിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫുട്‌ബോളിനെ ആഴത്തില്‍ മനസിലാക്കുന്ന മെസിയെ പോലൊരു താരത്തോടൊപ്പം കളിക്കുന്നത് മത്സരം കുറച്ചുകൂടി എളുപ്പമാക്കും.

അദ്ദേഹത്തിന്റെ ചിന്താഗതികള്‍ വ്യത്യസ്തമാണ്. കളത്തില്‍ വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാന്‍ മെസിക്ക് അനായാസം സാധിക്കും. അദ്ദേഹത്തിന്റെ അസാധ്യമായ പ്രകടനമികവ് ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും,’ ലെവന്‍ഡോസ്‌കി പറഞ്ഞു.

അതേസമയം, വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ബാഴ്സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Robert Lewandowski wants Lionel Messi return to Barcelona

Latest Stories

We use cookies to give you the best possible experience. Learn more