സീസണിലെ ആദ്യ ലാ ലീഗ മത്സരം തന്നെ സമനിലയിലായതിന്റെ സങ്കടത്തിലാണ് ബാഴ്‌സലോണ. റയോ വല്ലോകാനോക്കെതിരായ മത്സരത്തില്‍ 0-0നായിരുന്നു ബാഴ്‌സ സമനില വഴങ്ങിയത്. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലായിരുന്നു മത്സരം എന്നതാണ് ആരാധകരേയും ബാഴ്‌സലോണയെയും ഏറെ നിരാശരാക്കുന്നത്.
പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ബ്രസീലിന്റെ ഭാവി പ്രതീക്ഷയായ റാഫീന്യ എന്നവരുടെ തകര്‍പ്പന്‍ പ്രകടനം കാണാനെത്തിയ ആരാധകരെ ഏറെ നിരാശരാക്കിയ പ്രകടനമായിരുന്നു ബാഴ്‌സയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
70 ശതമാനം ബോള്‍ പൊസഷനും 18 ഗോള്‍ ശ്രമവുമായി കളിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളും വിജയവും കറ്റാലന്‍മാരില്‍ നിന്നും അകന്നുനിന്നു.
രണ്ട് ഗോള്‍ ശ്രമങ്ങള്‍ മാത്രമാണ് സന്ദര്‍ശകരില്‍ നിന്നും ഉണ്ടായത്.
കറ്റാലന്‍മാരുടെ മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുന്നതില്‍ റയോയുടെ പ്രതിരോധം പൂര്‍ണമായും വിജയിച്ചു. ഏത് ആക്രമണത്തിലും കുലുങ്ങാത്ത ഉരുക്കുകോട്ട പോലെ പ്രതിരോധത്തിലെ അഞ്ച് പേരും ഉണര്‍ന്നുകളിച്ചപ്പോള്‍ മുന്‍ ലോക ഫുട്‌ബോളറായ ലെവന്‍ഡോസ്‌കി ഉത്തരമില്ലാതെ തളര്‍ന്നുപോവുകയായിരുന്നു.
റയോയുടെ പ്രതിരോധത്തില്‍ ഫ്രസ്‌ട്രേഷന്റെ നെല്ലിപ്പലക കണ്ട ലെവന്‍ഡോസ്‌കിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റയോയുടെ താരങ്ങളെ ബോക്‌സില്‍ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നും ഇങ്ങനെയല്ല ജര്‍മനിയില്‍ തങ്ങള്‍ കളിക്കാറുള്ളതെന്നുമായിരുന്നു ലെവന്‍ഡോസ്‌കി പറഞ്ഞത്.
‘ബോക്‌സില്‍ ആറ് റയോ താരങ്ങളെ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്ന് പോയി. അതിലൊരുത്തന്‍ എന്നെ മാര്‍ക് ചെയ്യുകയും ചെയ്തിരുന്നു. ബുണ്ടസ് ലീഗയില്‍ ഇതൊന്നും ഒരിക്കലും സംഭവിക്കില്ല.
അവര്‍ കളിക്കുന്ന രീതി ഒരിക്കലും ഫുട്‌ബോള്‍ എന്ന ഗെയിമിന് നിരക്കുന്നതല്ല. ഈ ലീഗില്‍ ഇത്തരം കളിരീതി പുറത്തെടുക്കുന്ന ടീം ഇവര്‍ മാത്രമായിരിക്കണേ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ എന്നായിരുന്നു ലെവന്‍ഡോസ്‌കി പറഞ്ഞത്.
ഗോളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലെവന്‍ഡോസ്‌കിയുടെ വാക്കുകള്‍ ഫുട്‌ബോളില്‍ ഗ്രൂപ്പുകളില്‍ എല്ലാം തന്നെ വ്യാപകമായ ട്രോള്‍ ഏറ്റുവാങ്ങുന്നുണ്ട്. ‘അതൊക്കെ അവിടെ ജര്‍മനിയില്‍, ഇത് കര വേറയാ’ എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
തങ്ങളാലാവുന്നതുപോലെ മികച്ച രീതിയില്‍ കളിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ സമ്മര്‍ദ്ദത്തിലായതാണ് തങ്ങള്‍ക്ക് വിനയായതെന്നും ബാഴ്‌സ കോച്ച് സാവി പറഞ്ഞു.
‘ഞങ്ങള്‍ കഴിയാവുന്നത്ര ശ്രമിച്ചു, എന്നാല്‍ ഒന്നും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. ഒരുപക്ഷേ പ്രതീക്ഷയും സമ്മര്‍ദ്ദവും ഞങ്ങളെ കീഴ്‌പ്പെടുത്തിയതിനാലാവാം.
ഇതൊരു തന്ത്രമായിരിക്കാം. ഞങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിച്ച് നിര്‍ത്താനും ആ സ്ട്രാറ്റജി കളിയില്‍ ഉടനീളം പ്രാവര്‍ത്തികമാക്കാനും റയോയ്ക്കായി.
ഞങ്ങള്‍ ക്ഷമയോടെ പ്രവത്തിക്കേണ്ടിയിരിക്കുന്നു, നല്ല നാളുകള്‍ തീര്‍ച്ചയായും വരും,’ സാവി പറഞ്ഞു.
ഓഗസ്റ്റ് 22നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. റയല്‍ സോസിഡാഡാണ് എതിരാളികള്‍.
Content highlight: Robert Lewandowski’s comment after match against Rayo Vallecano get trolls