| Sunday, 1st September 2024, 3:20 pm

മെസിക്ക് ശേഷം ലാ ലീഗയിൽ ചരിത്രമെഴുതി; ബാഴ്സലോണയുടെ ഗോളടിവീരന് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലീഗയില്‍ ബാഴ്‌സലോണക്ക് തുടര്‍ച്ചയായ നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വെല്ലാഡോലിഡിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കറ്റാലന്‍മാര്‍ തകര്‍ത്തുവിട്ടത്.

ബ്രസീലിയന്‍ സൂപ്പര്‍താരം റാഫീഞ്ഞ ഹാട്രിക് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ബ്രസീലിയന്‍ താരത്തിന് പുറമേ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയും തന്റെ ഗോളടി മികവ് ഈ മത്സരത്തിലും ആവര്‍ത്തിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടാന്‍ പോളണ്ട് താരത്തിന് സാധിച്ചിരുന്നു.

വെല്ലോഡോലിഡിനെതിരെ ഗോൾ നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ലെവന്‍ഡോസ്‌ക്കി സ്വന്തമാക്കിയത്. ലാ ലീഗയിലെ ഒരു സീസണിന്റെ തുടക്കത്തിലെ നാല് മത്സരങ്ങളിലും തുടര്‍ച്ചയായി ബാഴ്‌സലോണക്കായി ഗോള്‍ നേടുന്ന താരമായി മാറാനാണ് ലെവന്‍ഡോസ്‌കിക്ക് സാധിച്ചത്.

ഇതിനുമുമ്പ് ഇത്തരത്തില്‍ തുടര്‍ച്ചയായി നാലു ബാഴ്സക്കായി ഗോൾ നേടിയിരുന്നത് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയായിരുന്നു. 2018-19 സീസണിലായിരുന്നു മെസി കറ്റാലന്‍മാര്‍ക്ക് വേണ്ടി സീസണിന്റെ ആദ്യ നാല് മത്സരങ്ങളിലും ഗോള്‍ നേടിയത്.

മത്സരത്തില്‍ റാഫീഞ്ഞ 20, 64, 72, ലെവന്‍ഡോസ്‌ക്കി 24, ജുലെസ് കൗണ്ടെ 45+2, ഡാനി ഓല്‍മോ 82, ഫെറാന്‍ ടോറസ് 85 എന്നിവരായിരുന്നു കറ്റാലന്‍മാരുടെ ഗോള്‍ സ്‌കോറര്‍മാര്‍.

മത്സരത്തില്‍ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു സ്പാനിഷ് വമ്പന്‍മാര്‍ കളിച്ചത്. മത്സരത്തില്‍ 71 ശതമാനം ബോള്‍ പൊസഷനും ബാഴ്‌സയുടെ അടുത്തായിരുന്നു. മത്സരത്തില്‍ 23 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഹാന്‍സി ഫ്‌ലിക്കും കൂട്ടരും ഉതിര്‍ത്തത്. ഇതില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകളില്‍ ഒന്ന് മാത്രമേ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുള്ളു.

ഈ തകര്‍പ്പന്‍ വിജയത്തോടെ ലാ ലിഗയില്‍ നാല് മത്സരങ്ങളും വിജയിച്ചുകൊണ്ട് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. ലാ ലിഗയില്‍ സെപ്റ്റംബര്‍ 15ന് ജിറോണക്കെതിരെയാണ് കറ്റാലന്‍മാരുടെ അടുത്ത മത്സരം. ജിറോണയുടെ തട്ടകമായ മോണ്ടില്‍വി സ്റ്റേഡിയമാണ് വേദി.

Content Highlight: Robert Lewandowski Record Achievement in La Liga

We use cookies to give you the best possible experience. Learn more