| Saturday, 6th May 2023, 12:37 pm

ഇത്തവണ ആര് ബാലണ്‍ ഡി ഓര്‍ നേടും? പ്രവചിച്ച് ലെവന്‍ഡോസ്‌കി

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന ചര്‍ച്ച വ്യാപകമായിക്കൊണ്ടിരിക്കെ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി.

ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എട്ടാം തവണയും സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കുമെന്നാണ് ലെവന്‍ഡോസ്‌കി പറഞ്ഞത്. ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കുമെന്നും ലെവന്‍ഡോസ്‌കി അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫൈനലില്‍ രണ്ട് ഗോള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. ഇതോടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ എംബാപ്പെയേക്കാള്‍ മുകളിലാണ് മെസിയെന്നാണ് ലെവന്‍ഡോസ്‌കി പറയുന്നത്.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അര്‍ജന്റീന ചാമ്പ്യന്മാരാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയപ്പോഴും താന്‍ അതുതന്നെയാണ് വിശ്വസിച്ചിരുന്നതെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു.

”ഞാന്‍ ലോകകപ്പിന് മുമ്പ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അര്‍ജന്റീനയാണ് കിരീട ഫേവറിറ്റുകള്‍ എന്ന് ആര് എപ്പോള്‍ ചോദിച്ചാലും ഞാന്‍ പറയുമായിരുന്നു.

സൗദി അറേബ്യക്കെതിരെ ആദ്യത്തെ മത്സരത്തില്‍ തോല്‍വി വഴങ്ങിയപ്പോഴും അവര്‍ തന്നെ ഫൈനലില്‍ എത്തുമെന്നും വിജയം നേടുമെന്നും എനിക്കുറപ്പായിരുന്നു, ലെവന്‍ഡോസ്‌കി വ്യക്തമാക്കി.

അതേസമയം, പി.എസ്.ജിയുടെ അനുമതിയില്ലാത്ത ലയണല്‍ മെസി സൗദി അറേബ്യ സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പി.എസ്.ജിയിലെ പരിശീലനത്തിന് നില്‍ക്കാതെ മെസി രാജ്യം വിട്ടതിന് രണ്ടാഴ്ചത്തേക്ക് താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും വേതനം റദ്ദാക്കുകയുമായിരുന്നു ക്ലബ്ബ് ചെയ്തത്.

ഇതിനുപിന്നാലെ, തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് മെസി സഹതാരങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. തന്റെ പ്രവൃത്തിയില്‍ പി.എസ്.ജി പറയുന്നതെന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും മെസി പറഞ്ഞിരുന്നു. വീഡിയോയിലൂടെയായിരുന്നു മെസി ക്ഷമാപണം നടത്തിയത്.

ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്നെ മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി മേശപ്പുറത്ത് എത്തിച്ചിരുന്നെങ്കിലും താരം ഒപ്പ് വെക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷവും പി.എസ്.ജി താരവുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ ഈ സീസണിന്റെ അവസാനത്തോടെ മെസി പി.എസ്.ജി വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി വിവരം പാരീസ് സെന്റ് ഷെര്‍മാങ്ങിനെ അറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പേര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 400 മില്യണ്‍ യൂറോ വാഗ്ദാനം നല്‍കി താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. അടുത്ത സീസണില്‍ മെസി ഏത് ക്ലബ്ബില്‍ തുടരുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Content Highlights: Robert Lewandowski predicts the Ballon d’Or winner

We use cookies to give you the best possible experience. Learn more