മെസിയെ തകര്‍ക്കാം, എന്നാല്‍ റൊണാള്‍ഡോയെ വെട്ടാന്‍ കുറച്ച് പാടാ; ചരിത്രത്തിലെ മൂന്നാമനായി ലെവന്‍ഡോസ്‌കി
Sports News
മെസിയെ തകര്‍ക്കാം, എന്നാല്‍ റൊണാള്‍ഡോയെ വെട്ടാന്‍ കുറച്ച് പാടാ; ചരിത്രത്തിലെ മൂന്നാമനായി ലെവന്‍ഡോസ്‌കി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th October 2024, 11:15 am

ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. ഡിപ്പോര്‍ട്ടീവോ അലാവസിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് ബാഴ്‌സ വീണ്ടും വിജയപാതയിലേക്ക് മടങ്ങിയെത്തിയത്.

എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലൂഗ്രാനയുടെ വിജയം. പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക് കരുത്തിലാണ് ബാഴ്‌സ ജയിച്ചുകയറിയത്.

ഈ വിജയത്തോടെ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയുമായി 24 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ. ഒമ്പത് മത്സരത്തില്‍ നിന്നും 21 പോയിന്റുള്ള റയലാണ് രണ്ടാമത്.

ലെവയുടെ ട്രിപ്പിള്‍ സ്‌ട്രൈക്ക്

മത്സരത്തിന്റെ നാലാം മിനിട്ടില്‍ തന്നെ റഫീന്യയിലൂടെ ബാഴ്‌സ എതിരാളികളുടെ വല കുലുക്കിയിരുന്നു. എന്നാല്‍ റഫറി ഓഫ് സൈഡെന്ന് വിധിയെഴുതിയതോടെ അലാവസ് ആരാധകര്‍ക്ക് ശ്വാസം നേരെ വീണു. എന്നാല്‍ അതിന് അധികം ആയുസുണ്ടായിരുന്നില്ല. ഏഴാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലെവന്‍ഡോസ്‌കി ബാഴ്‌സക്ക് ലീഡ് നല്‍കി.

ആദ്യ ഗോള്‍ പിറന്ന് കൃത്യം 15ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്‌സ ലീഡ് ഇരട്ടിയാക്കി. റഫീന്യയുടെ അളന്നുമുറിച്ച പാസാണ് ലെവക്ക് ഗോളടിക്കാനുള്ള അവസരമൊരുക്കിയത്. ഗോളടിച്ചതിന് പിന്നാലെ ഇതിനുള്ള ക്രെഡിറ്റ് റഫീന്യക്കാണ് എന്ന് സൂചിപ്പിക്കുന്ന രീതിയില്‍ താരത്തിന് നേരെ കൈ ചൂണ്ടുകയും ചെയ്തിരുന്നു.

അധികം വൈകാതെ തന്നെ ലെവന്‍ഡോസ്‌കി തന്റെ മൂന്നാം ഗോളും സ്വന്തമാക്കി ഹാട്രിക് പൂര്‍ത്തിയാക്കി.

മറുവശത്ത് നിന്ന് രണ്ട് തവണ അലാവസ് ബാഴ്‌സ വലകുലുക്കിയെങ്കിലും ഓഫ് സൈഡെന്ന് റഫറി വിധിയെഴുതിയതോടെ ഗോളുകള്‍ നിഷേധിക്കപ്പെട്ടു. ഇതോടെ മൂന്ന് ഗോളിന്റെ വിജയം കറ്റാലന്‍മാര്‍ സ്വന്തമാക്കി.

തകര്‍പ്പന്‍ നേട്ടം

അലാവസിനെതിരായ ഹാട്രിക്കിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ലെവന്‍ഡോസ്‌കി സ്വന്തമാക്കി. ലാ ലിഗയിലെ ഒരു സീസണിലെ ആദ്യ പത്ത് മത്സരത്തില്‍ നിന്നും പത്തോ അതിലധികമോ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ലെവയെ തേടിയെത്തിയത്. സീസണില്‍ താരത്തിന്റെ പത്താം ലാ ലിഗ ഗോളാണിത്.

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് താരമാണ് ലെവന്‍ഡോസ്‌കി. ഇതിഹാസ താരങ്ങളായ മെസിയും റൊണാള്‍ഡോയും മാത്രമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

2014ലാണ് റൊണാള്‍ഡോയുടെ പേരില്‍ ഈ നേട്ടം കുറിക്കപ്പെട്ടത്. ആദ്യ പത്ത് മത്സരത്തില്‍ നിന്നും 16 തവണയാണ് താരം എതിരാളികളുടെ പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റിയത്.

2017ലാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ പത്ത് മത്സരത്തില്‍ നിന്നും 11 ഗോളുകളാണ് അര്‍ജന്റൈന്‍ ലെജന്‍ഡ് ബാഴ്‌സ ജേഴ്‌സിയില്‍ സ്വന്തമാക്കിയത്.

 

ഒരു മത്സരം പൂര്‍ത്തിയാകാനിരിക്കെ മെസിയെ മറികടക്കാനും ലെവന്‍ഡോസ്‌കിക്ക് സാധിക്കും. ഒക്ടോബര്‍ 21ന് സെവിയ്യക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാല്‍ ആദ്യ പത്ത് മത്സരത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന രണ്ടാമത് താരമെന്ന മെസിയുടെ റെക്കോഡ് തകര്‍ക്കാന്‍ ലെവന്‍ഡോസ്‌കിക്കാകും. ബ്ലാന്‍ക്വിറോജോസിനെതിരെ ഏഴ് ഗോളടിച്ചാല്‍ മാത്രമേ റൊണാള്‍ഡോയെ മറികടക്കാന്‍ ലെവക്ക് സാധിക്കൂ.

 

Content highlight: Robert Lewandowski joins Messi and Ronaldo in historic feat