| Sunday, 25th December 2022, 9:00 am

മെസി തിരിച്ചു വന്നാല്‍ എന്നെയാരും ശ്രദ്ധിക്കില്ല: ബാഴ്‌സലോണ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പില്‍ തന്റെ 35ാം വയസിലും അസാധ്യ പ്രകടനമാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി കാഴ്ചവെച്ചത്. കരുത്തന്മാരായ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തി ടീം അര്‍ജന്റീന ലോകചാമ്പ്യന്മാരായത് ക്യാപ്റ്റനായ മെസിയുടെ പിന്‍ബലത്തിലായിരുന്നു.

നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലും തകര്‍പ്പന്‍ ഫോമിലാണ് മെസി. പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്. ക്ലബ്ബ് മാനേജ്‌മെന്റ് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ലോകകപ്പ് കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്നായിരുന്നു മെസി അറിയിച്ചിരുന്നത്. അതേസമയം താരം ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുന്നതിനോട് സൂപ്പര്‍താരം ലെവന്‍ഡോസ്‌കിക്ക് വിയോജിപ്പുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബാഴ്‌സയില്‍ മിന്നുന്ന ഫോമിലാണ് പോളിഷ് താരം ലെവന്‍ഡോസ്‌കിയുള്ളത്.

മെസിയുടെ തിരിച്ച് വരവോടുകൂടി തന്നെ ആരും ശ്രദ്ധിക്കില്ലെന്നും തന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന ആശങ്കയാണ് ലെവന്‍ഡോസ്‌കിയെ അലട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതുകൊണ്ട് മെസി ക്ലബ്ബിലേക്ക് വരുന്നതിനോട് താന്‍ എതിരാണെന്ന് ലെവന്‍ഡോസ്‌കി ക്ലബ്ബ് പ്രസിഡന്റ് ലോപോര്‍ട്ടയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെസിയെ തിരിച്ച് ക്ലബ്ബിലെത്തിക്കാന്‍ മാനേജ്‌മെന്റ് തുടര്‍ ശ്രമങ്ങള്‍ നടത്തുന്നതിന്റെ പിന്നാലെയാണ് ലെവന്‍ഡോസ്‌കി കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, മെസി ഇനി ബാഴ്സലോണയിലേക്ക് തിരിച്ച് പോകില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2021ല്‍ എഫ്.സി ബാഴ്സലോണയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും നിഴലിക്കുന്നുണ്ടെന്നും ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിനു വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഴ്സയിലേക്ക് മെസി തിരികെ എത്താതിരിക്കാനുള്ള മറ്റൊരു കാരണം ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മാത്രം സാമ്പത്തിക കെട്ടുറപ്പ് ഇപ്പോള്‍ എഫ്.സി ബാഴ്സലോണക്ക് ഇല്ലെന്നതാണ് വാസ്തവം.

പി.എസ്.ജിയുമായി ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടാന്‍ മെസി സമ്മതിച്ചതായും സൂചനയുണ്ട്. പി.എസ്.ജിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുക എന്ന അന്തിമ ലക്ഷ്യം കൂടി മെസിക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Robert Lewandowski is against Lionel Messi’s Camp Nou return

We use cookies to give you the best possible experience. Learn more