ബ്രസ്റ്റിന്റെ ചങ്ക് തുളച്ച ഇരട്ടഗോള്‍, ലെവന്‍ഡോസ്‌കി തൂക്കിയത് തകര്‍പ്പന്‍ റെക്കോഡ്; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം
Sports News
ബ്രസ്റ്റിന്റെ ചങ്ക് തുളച്ച ഇരട്ടഗോള്‍, ലെവന്‍ഡോസ്‌കി തൂക്കിയത് തകര്‍പ്പന്‍ റെക്കോഡ്; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th November 2024, 12:14 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ നാലാം ലീഗ് ഘട്ട മത്സരവും വിജയിച്ച് ബാഴ്‌സലോണ. ടോപ്പ് 8-ല്‍ തങ്ങളുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. ബ്രസ്റ്റിനെതിരെ ലൂയിസ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 നാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിലേറ്റ പരാജയത്തിനുശേഷം തുടര്‍ച്ചയായ നാലാം ജയവും സ്വന്തമാക്കിയതില്‍ ബാഴ്‌സ ആരാധകര്‍ ആവേശത്തിലാണ്. ഫ്രഞ്ച് ക്ലബ് ആയ ബ്രസ്റ്റിനെ സ്വന്തം തട്ടകത്ത് വെച്ചാണ് എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. ജയം മാത്രമല്ല, ജയത്തിന് ബാഴ്‌സയ്ക്ക് ഇരട്ടി മധുരം കൂടിയുണ്ട്.

പത്താം മിനുട്ടില്‍ ബാഴ്‌സന്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ പെനാല്‍ട്ടി ലക്ഷ്യം കണ്ടതോടെ ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന താരമായി ലെവന്‍ഡോസ്‌കി മാറി.

ഇതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ 129 ഗോളുകള്‍ നേടിയ മെസ്സിയും 140 ഗോളുകള്‍ നേടിയ റൊണാള്‍ഡോയും മാത്രമാണ് നിലവില്‍ 101 ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കിക്ക് മുന്നിലുള്ളത്.

ബാഴ്‌സയുടെ പോളണ്ട് സ്‌ട്രൈക്കര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ 100 ഗോള്‍ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ബാഴ്‌സലോണയുടെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ലെവന്‍ഡോസ്‌കിയുടെ 125ാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു ബ്രസ്റ്റിനെതിരെ നടന്നത്.

പത്താം മിനുട്ടില്‍ ഗോള്‍ അടിക്കുശേഷം 92ാം മിനുട്ടിലും ബ്രസ്റ്റിന്റെ ഗോള്‍ വല തകര്‍ത്ത് തന്റെ 101ാമത്തെ ഗോളും സ്വന്തമാക്കി. ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ബയേണ്‍ മ്യൂണിക്, എഫ്.സി ബാഴ്‌സലോണ എന്നീ ക്ലബുകള്‍ക്കായി കളിച്ചാണ് ലെവന്‍ഡോസ്‌കി ഈ നേട്ടത്തില്‍ എത്തിയത്. ഈ സീസണില്‍ താരത്തിന്റെ 23ാമത്തെ കളിയിലെ 23ാമത്തെ ഗോളായിരുന്നു അത്.

ഗോള്‍ വല തകര്‍ത്ത് ബാഴ്‌സ

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ആദ്യ മിനുട്ടുകളിലെ ഗോള്‍ അടിക്കുശേഷം ലീഡ് നേടി എടുക്കാന്‍ ബാഴ്‌സയ്ക്ക് രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു. 66ാം മത്തെ മിനുട്ടില്‍ ജെറാര്‍ഡ് മാര്‍ട്ടിന്റെ പാസില്‍ നിന്നു ഡാനി ഓല്‍മോയും 92ാമത്തെ മിനുട്ടില്‍ ബാള്‍ഡയുടെ പാസില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബാഴ്‌സയുടെ ജയം പൂര്‍ത്തിയാക്കി.

കളിയിലൂടെനീളം ബ്രസ്റ്റ് ബാഴ്‌സയുടെ ആക്രമണം ചെറുത്തു നിന്നെങ്കിലും രണ്ടാം പകുതിയില്‍ ബാഴ്‌സലോണ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. ബ്രസ്റ്റിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ ഗ്രൂപ്പ് ടേബിളില്‍ ബാഴ്‌സലോണ രണ്ടാമതും ബ്രസ്റ്റ് ഒമ്പതാമതും ആണ്.

 

Content Highlight: Robert Lewandowski In Great Record Achievement In Champions Trophy