2021ലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഫുട്ബോള്‍ ലോകത്തിന്റെ അത്യുന്നതങ്ങളില്‍ വിരാജിക്കുകയാണ് ബയേണിന്റെ വിശ്വസ്തന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി.
കപ്പിനും ചുണ്ടിനും ഇടയില്‍ പല പുരസ്‌കാരങ്ങളും നഷ്ടപ്പെടുകയും കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ നിന്നടക്കം തഴയപ്പെട്ട് മെസിയടക്കമുള്ള താരങ്ങളുടെ നിഴലിലാവാന്‍ വിധിക്കപ്പെട്ട താരങ്ങളില്‍ ഒരുവനായിരുന്നു ലെവന്‍ഡോസ്‌കി.
എന്നാല്‍ ഇന്നിപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ് അദ്ദേഹം. മെസി, റൊണാള്‍ഡോ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്ക് പിറകെ GOAT എന്ന പദവിയുടെ പുതിയ അവകാശിയായിരിക്കുകയാണ് ലെവന്‍ഡോസ്‌കി.
ബയേണ്‍ മ്യൂണിക്കിന്റെ 33 വയസുകാരനായ ഈ ഫോര്‍വേഡ് താരം കടുത്ത മത്സരമാണ് മെസിക്കും മുഹമ്മദ് സലയ്ക്കും നല്‍കിയത്. ഫിഫയുടെ ഏറ്റവും മികച്ച താരം എന്ന പുരസ്‌കാര നേട്ടത്തില്‍ റൊണാള്‍ഡോക്ക് തുല്യനാണ് ഇന്ന് റോബര്‍ട്ട് ലെവന്‍ഡോസ്‌കി.
1988ല്‍ പോളണ്ടില്‍ ജനിച്ച ഇദ്ദേഹം പാര്‍ട്ടിസന്റ് ലെസ്‌ണോ എന്ന ലോക്കല്‍ ക്ലബിലൂടെയാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. 2008ല്‍ ലെഷ് പോസ്നന്‍ അദ്ദേഹവുമായി കാരാറില്‍ എത്തുകയും അതേവര്‍ഷം തന്നെ യുവേഫയുടെ കളിത്തട്ടകത്തിലേക്ക് കാലെടുത്ത് വെക്കുകയും ചെയ്തു.
2009ലെ പോളിഷ് സൂപ്പര്‍ കപ്പില്‍ 18 ഗോളുകളോടെ ഗോള്‍ ചാര്‍ട്ടില്‍ ഒന്നാമത് എത്തിയത്തോടെയാണ് താരം ശ്രദ്ധേയനായത്.
2010ല്‍ റോബര്‍ട്ട് ബുന്ദസ് ലീഗ ക്ലബ്ബിലേക്ക് തട്ടകം മാറ്റിയതോടെ അത്യുജ്ജ്വലമായ പ്രകടനമാണ് ലെവന്‍ഡോസ്‌കി കാഴ്ചവെച്ചത്. കഴിഞ്ഞ 238 മത്സരങ്ങളിലായി റോബര്‍ട്ട് അടിച്ചുകൂട്ടിയത്് 226 ഗോളുകളാണ്. കാല്‍പന്തിനെ മനോഹരമാക്കുന്ന എല്ലാ തരം കിക്കുകളും അനായാസം വഴങ്ങുന്ന താരം കഴിഞ്ഞ മൂന്ന് സീസണുകളില്‍ നിന്നും 100 ഗോളുകളാണ് നേടിയത്.
കഴിഞ്ഞ വര്‍ഷം 41 ഗോളുകള്‍ അടിച്ച് ബുന്ദസ് ലീഗയില്‍ റെക്കോര്‍ഡിട്ടു. ഓരോ മത്സരത്തിലും അയാള്‍ പ്രകടനത്തില്‍ മൂര്‍ച്ച കൂട്ടി ഗോള്‍കീപ്പറെ നിസ്സഹായനാക്കി ഗോളടിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞ വര്‍ഷം ബാലന്‍ ഡി ഓര്‍ ലെവന്‍ഡോസ്‌കിക്ക് നഷ്ടപെട്ടപ്പോള്‍ ബയേണ്‍ ടീം കോച്ച് ജൂലിയന്‍ നഗേള്‍സ്മാന്‍ പറഞ്ഞത് ഇത്രയും സ്ഥിരതയുള്ള ഒരു താരത്തിനെ ഈ അടുത്തൊരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. ലെവന്‍ഡോസ്‌കിയെ തഴഞ്ഞ് മെസിക്ക് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് ഇബ്രഹാമോവിച്ച് അടക്കമുള്ള നിരവധി താരങ്ങളും രംഗത്ത് വന്നിരുന്നു.
613 വോട്ടുകള്‍ നേടിയാണ് മെസി ഇത്തവണ ബാലണ്‍ ഡി ഓറിന് അര്‍ഹനായത്. രണ്ടാമനായ ലെവന്‍ഡോസ്‌കിക്ക് 580 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.
40 കളികളില്‍ നിന്നുമായി 48 ഗോളുകളും 9 അസിസ്റ്റുമാണ് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണില്‍ നേടിയത്. ടീമിന് ബുന്ദസ് ലീഗ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച താരം ജര്‍മന്‍ ഇതിഹാസം ഗ്രെഡ് മുള്ളറിന്റെ റെക്കോര്‍ഡും തകര്‍ത്തിരുന്നു.
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരനിര്‍ണയത്തില്‍ മെസിയോട് പരാജയപ്പെട്ടപ്പോള്‍, അതേ മെസിയെ തന്നെ പിന്തള്ളി ഫിഫയുടെ മികച്ച താരമായി മാറുമ്പോള്‍ നിസ്സംശയം പറയാം ഇതാണ് കാലത്തിന്റെ കാവ്യനീതി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Robert Lewandowski FIFA the Best Player Lionel Messi Cristiano Ronaldo