| Friday, 23rd June 2023, 9:38 am

'എത്ര പണം ലഭിച്ചിട്ടും കാര്യമില്ല, ബാഴ്‌സലോണയില്‍ തന്നെ തുടരും'; സൗദി ക്ലബ്ബിന്റെ ഓഫര്‍ നിരസിച്ച് ബാഴ്‌സലോണ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി അറേബ്യന്‍ ക്ലബ്ബില്‍ നിന്നുള്ള ഓഫര്‍ നിരസിച്ച് ബാഴ്‌സലോണയുടെ പോളിഷ് സൂപ്പര്‍താരം റോബേര്‍ട്ട് ലെവന്‍ഡോസ്‌കി. കഴിഞ്ഞ സീസണിലാണ് താരം ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ക്യാമ്പ് നൗവിലേക്കെത്തുന്നത്. കാറ്റലോണിയ വമ്പന്‍മാര്‍ക്കൊപ്പം മികച്ച പ്രകടനമാണ് ലെവന്‍ഡോസ്‌കി കാഴ്ചവെക്കുന്നത്.

ബയേണില്‍ നിന്നെത്തിയ താരം നാല് വര്‍ഷത്തെ കരാറിലാണ് ബാഴ്‌സലോണയുമായി സൈനിങ് നടത്തുന്നത്. എന്നാല്‍ സൗദി അറേബ്യന്‍ ക്ലബ്ബില്‍ നിന്നെത്തിയ വമ്പന്‍ ഓഫര്‍ നിരസിക്കുന്നതിന് പിന്നില്‍ അതല്ല കാരണമെന്നും അടുത്ത സീസണില്‍ ബാഴ്‌സയില്‍ തന്നെ തുടരാനാണ് ലെവയുടെ പദ്ധതിയെന്നും പോളിഷ് ഔട്ട്‌ലെറ്റായ മെസീക്കിയില്‍ പറയുന്നു.

പ്രതിവര്‍ഷം 150 മില്യണ്‍ യൂറോയുടെ വേതനമാണ് സൗദി ക്ലബ്ബ് ലെവന്‍ഡോസ്‌ക്കിക്കായി വെച്ചുനീട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ താരം തന്റെ പ്രതികരണം അറിയിച്ചിരുന്നു. കരാര്‍ അവസാനിക്കുന്നത് വരെ ബാഴ്‌സലോണയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൗദിയിലേക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്റീരിയ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.

കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് ലെവന്‍ഡോസ്‌കിയെ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച 46 മത്സരങ്ങളില്‍ നിന്ന് 33 ഗോളും എട്ട് അസിസ്റ്റുകളുമാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.

കഴിഞ്ഞ ദിവസം ഫ്രഞ്ച് സൂപ്പര്‍താരങ്ങളായ കരിം ബെന്‍സിമ, എന്‍ഗോളോ കാന്റെ എന്നിവരെ അല്‍ ഇത്തിഹാദ് സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതിന് ശേഷം വലിയ പുരോഗതിയാണ് അല്‍ നസറിനും സൗദി ലീഗിനും ഉണ്ടായിരിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ നോട്ടമിട്ടിരിക്കുകയാണ് സൗദി അറേബ്യ.

Content Highlights: Robert Lewandowski don’t want to sign with Saudi Arabian club

We use cookies to give you the best possible experience. Learn more