| Sunday, 4th June 2023, 11:09 pm

മെസി ബാഴ്‌സലോണയില്‍ തിരിച്ചെത്തുന്നതില്‍ ലെവന്‍ഡോസ്‌കിക്ക് അതൃപ്തി? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് പടിയിറങ്ങിയത്. രണ്ട് വര്‍ഷം പി.എസ്.ജിയില്‍ ചെലവഴിച്ച മെസി ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബുമായി പിരിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാരീസിയന്‍ ക്ലബ്ബിനായി രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളും ഒരു സൂപ്പര്‍ കപ്പും നേടിക്കൊടുത്തതിന് ശേഷമായിരുന്നു താരത്തിന്റെ പടിയിറക്കം.

പി.എസ്.ജി വിട്ട് ഫ്രീ ഏജന്റായ മെസി ഏത് ക്ലബ്ബിലേക്ക് പോകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. താരത്തിന്റെ പഴയ തട്ടകമായ ബാഴ്സലോണ എഫ്.സിയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണെന്ന് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസും പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും പലപ്പോഴായി പറഞ്ഞിരുന്നു. ബാഴ്‌സലോണയിലെ മുഴുവന്‍ താരങ്ങളും മെസിയുടെ വരവും കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മെസി ബാഴ്സലോണയിലേക്ക് തിരിച്ച് പോകുന്നതിനോട് സൂപ്പര്‍താരം ലെവന്‍ഡോസ്‌കിക്ക് വിയോജിപ്പുകളുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ ബാഴ്സയില്‍ മിന്നുന്ന ഫോമിലാണ് പോളിഷ് താരം ലെവന്‍ഡോസ്‌കിയുള്ളത്.

മെസിയുടെ തിരിച്ച് വരവോടുകൂടി തന്നെ ആരും ശ്രദ്ധിക്കില്ലെന്നും തന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന ആശങ്കയാണ് ലെവന്‍ഡോസ്‌കിയെ അലട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതുകൊണ്ട് മെസി ക്ലബ്ബിലേക്ക് വരുന്നതിനോട് താന്‍ എതിരാണെന്ന് ലെവന്‍ഡോസ്‌കി ക്ലബ്ബ് പ്രസിഡന്റ് ലോപോര്‍ട്ടയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെസിയെ തിരിച്ച് ക്ലബ്ബിലെത്തിക്കാന്‍ മാനേജ്മെന്റ് തുടര്‍ ശ്രമങ്ങള്‍ നടത്തുന്നതിന്റെ പിന്നാലെയാണ് ലെവന്‍ഡോസ്‌കി കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ശനിയാഴ്ചയാണ് മെസി പി.എസ്.ജി ജേഴ്സിയില്‍ അവസാനമായി കളത്തിലിറങ്ങിയത്. താരം ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Robert Lewandowski doesn’t want to return Messi to Barcelona

We use cookies to give you the best possible experience. Learn more