ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പാ ലീഗിൽ നിന്നും പുറത്തായതോടെ വലിയ വിമർശനങ്ങളാണ് ബാഴ്സലോണക്കെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്ന് വരുന്നത്.
ബാഴ്സയുടെ മുൻ ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കി ഗോളടിച്ച് തുടക്കമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള രണ്ടാം പാദ ക്വാളിഫയർ മത്സരത്തിൽ തുടക്കത്തിൽ ലഭിച്ച ലീഡ് നഷ്ടപ്പെടുത്തിയാണ് ബാഴ്സ തോൽവി വഴങ്ങിയത്.
ഇതോടെ ക്ലബ്ബിനും താരങ്ങൾക്കും പരിശീലകനുമൊക്കെ നേരെ ആരാധകരുടെ വിമർശനം രൂക്ഷമായത്.
എന്നാൽ ഇപ്പോൾ തനിക്ക് ക്ലബ്ബിൽ നന്നായി കളിക്കണമെങ്കിൽ ബാഴ്സ അവരുടെ സ്‌ക്വാഡിൽ അഴിച്ചു പണി നടത്തണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് റോബർട്ട് ലെവൻഡോസ്കി.
സ്പാനിഷ് മാധ്യമമായ എൽ നാഷണലാണ് ബാഴ്സ അവരുടെ സ്‌ക്വാഡിൽ മാറ്റങ്ങൾ വരുത്തണമെന്ന് ലെവൻഡോസ്കി ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലെവക്ക് ചില താരങ്ങളുമായി നല്ല രീതിയിൽ കളിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ തന്നെ ലെവൻഡോസ്കിക്ക് അവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നതിൽ താൽപര്യമില്ലെന്നുമാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.
അൻസു ഫാറ്റി, ഫ്രാങ്ക് കെസീ എന്നീ താരങ്ങൾക്കൊപ്പമാണ് ലെവക്ക് ഒത്തിണക്കത്തോടെ കളിക്കാൻ സാധിക്കാത്തത്.
യുണൈറ്റഡിനെതിരെ അൻസു ഫാറ്റി മികച്ചൊരു അവസരം നഷ്ടമാക്കിയതിലും ലെവൻഡോസ്കി നിരാശനാണെന്ന് എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
പെഡ്രിയുടെയും ഗവിയുടെയും അഭാവത്തിൽ മാത്രം കളിക്കുന്ന അൻസുവും കെസിയും ഒരു തരത്തിലുള്ള ഇമ്പാക്റ്റും ബാഴ്സയിൽ ഉണ്ടാക്കാൻ സാധ്യതയില്ല എന്നും ലെവൻഡോസ്കിക്ക് അഭിപ്രായമുണ്ട്.
യൂറോപ്പയിൽ നിന്നും പുറത്തായതോടെ കോപ്പാ ഡെൽ റേ വിജയിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സയിപ്പോൾ എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം 22 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളോടെ 59 പോയിന്റുമായി ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സയിപ്പോൾ.
ഫെബ്രുവരി 26ന് അൽമെറക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
Content Highlights:Robert Lewandowski does not want ansu fati and Franck Kessie. in their starting eleven