ഈ സമ്മറില്‍ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച ടാക്ടിക്കല് മൂവ് ആയിരുന്നു ബയേണില്‍ നിന്നും പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിച്ചത്. ബാഴ്‌സക്കായി കളത്തിലിറങ്ങിയപ്പോഴെല്ലാം വല നിറച്ചാണ് താരം കളിക്കളത്തില്‍ നിന്നും മടങ്ങിയത്.
മുപ്പതുകളുടെ മധ്യത്തിലെത്തിയ വെറ്ററന്‍ താരത്തെ ടീമിലെത്തിച്ചതില്‍ ബാഴ്‌സലോണക്ക് ഏറെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ പരിഹാസങ്ങളേയും വിമര്‍ശനങ്ങളേയും വിജയം കൊണ്ട് തിരുത്തിക്കുറിക്കുകയാണ് ലെവന്‍ഡോസ്‌കിയും ബാഴ്‌സയും.
മോഡേണ്‍ ഡേ ഫുട്‌ബോളില്‍ മെസിക്കും റൊണാള്‍ഡോക്കുമൊപ്പം തന്നെ പ്രതിഷ്ഠിക്കാന്‍ സാധിക്കുന്ന താരമാണ് ലെവന്‍ഡോസ്‌കി. ഇരുവരെയും പോലെ റെക്കോഡുകള്‍ ഒരുപാട് നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ലെവന്‍ഡോസ്‌കിക്ക് ആയിട്ടില്ല.
2020ല്‍ ലെവന്‍ഡോസ്‌കി ബാലണ്‍ ഡി ഓര്‍ നേടുമെന്നായിരുന്നു എല്ലാവരും കരുതിയരുന്നത്. ബയേണ്‍ മ്യൂണിക്കിനെ ചാമ്പ്യന്‍സ് ലീഗ് കിരീടമണിയിക്കുന്നതില്‍ ലെവയുടെ പങ്കുതന്നെയായിരുന്നു ആ വിശ്വാസത്തിന് കാരണം.
സീസണിലെ 48 മത്സരത്തില്‍ നിന്നും 55 ഗോളാണ് ലെവന്‍ഡോസ്‌കി അടിച്ചുകൂട്ടിയത്. എന്നാല്‍ ആ വര്‍ഷവും ഗോള്‍ഡന്‍ ബോള്‍ താരത്തെ കൈവിട്ടു.
എന്നാല്‍ ബാഴ്‌സയില്‍ നിന്നും ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിക്കുമെന്നാണ് താരം ഉറച്ചു വിശ്വസിക്കുന്നത്. തന്റെ കഴിഞ്ഞ ടീമായ ബയേണ്‍ മ്യൂണിക്കിനേക്കാളും ബാലണ്‍ ഡി ഓര്‍ സാധ്യത ബാഴ്‌സയിലാണെന്നും അദ്ദേഹം പറയുന്നു.
ബാലണ്‍ ഡി ഓര്‍ നേടാന്‍ കൂടിയാണോ ബയേണില്‍ നിന്നും ബാഴ്‌സയിലെത്തിയത് എന്ന ചോദ്യത്തിന് പ്രസെഗ്ലാഡ് സ്‌പോര്‍ട്ടോവിയോടാണ് ലെവ ഇക്കാര്യം പറയുന്നത്.
‘ഒരുപക്ഷേ, ബാഴ്‌സുടെ താരങ്ങളാവും ഏറ്റവുമധികം തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. ബാലണ്‍ ഡി ഓര്‍ കിരീടം ഒരിക്കലും എന്റെ ഉറക്കം കളഞ്ഞിട്ടില്ല, അത് കിട്ടാത്തതില്‍ ഞാന്‍ നിരാശനായിട്ടില്ല.
ബയേണിലേക്കാളും ബാഴ്‌സയില്‍ നില്‍ക്കുമ്പോള്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ കൂടുതല്‍ സാധ്യതകളുണ്ടെന്നതാണ് എന്റെ സമീപനം,’ ലെവന്‍ഡോസ്‌കി പറയുന്നു.
ലെവന്‍ഡോസ്‌കിയുടെ നിരീക്ഷണം ശരിവെക്കുന്നതാണ് താരങ്ങളുടെ ബാലണ്‍ ഡി ഓറിന്റെ ചരിത്രം. 2009 മുതല്‍ റയലിലെയും ബാഴ്‌സയിലെയും താരങ്ങള്‍ മാത്രമാണ് ബാലണ്‍ ഡി ഓര്‍ നേടിയത്. ഇത്തവണ റയലിന്റെ കരീം ബെന്‍സെമക്കാണ് ഏറ്റവും സാധ്യത കല്‍പിക്കുന്നതും.
മെസിയും റൊണാള്‍ഡോയും ചേര്‍ന്ന് 12 തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയപ്പോള്‍ 2018ല്‍ ഇരുവരെയും മറികടന്ന് ലൂക്കാ മോഡ്രിച്ചായിരുന്നു ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.
ബാഴ്‌സലോണയില്‍ ലെവന്‍ഡോസ്‌കി തന്റെ ടോട്ടല്‍ ഡോമിനേഷന്‍ തുടരുകയാണ്. ഇതുവരെ എട്ട് മത്സരത്തില്‍ ബാഴ്‌സക്കായി കളത്തിലിറങ്ങിയ ലെവന്‍ഡോസ്‌കി 11 ഗോളാണ് ഇതിനോടകം സ്വന്തമാക്കിയത്.
കാറ്റലോണിയന്‍ പട ഒരിക്കല്‍ക്കൂടി ലാ ലീഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും ലെവന്‍ഡോസ്‌കിയിലൂടെ സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Robert Lewandowski believes he has a better chance of winning the Ballon d’Or at Barcelona than at Bayern Munich.