| Monday, 15th May 2023, 1:30 pm

1997ന് ശേഷം ഇതാദ്യം; റൊണാള്‍ഡോ നസാരിയോക്കൊപ്പം ഇനി ലെവയും; കിരീടത്തിനൊപ്പം അപൂര്‍വ നേട്ടവും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം എസ്പാന്യോളിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെ അപൂര്‍വ നേട്ടം കൈപ്പിടിയിലൊതുക്കി പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കി.

ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോക്ക് ശേഷം, കറ്റാലന്‍സിന് വേണ്ടി ക്ലബ്ബിലെത്തിയ ആദ്യ സീസണില്‍ തന്നെ മുപ്പതോ അതിലധികമോ ഗോള്‍ നേടുന്ന താരമായാണ് ലെവ ബാഴ്‌സയുടെ ചരിത്രപുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.

ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും ബ്ലൂഗ്രാനയിലെത്തിയ ശേഷം കളിച്ച 42 മത്സരത്തില്‍ നിന്നുമായി 31 ഗോളുകളാണ് ലെവ സ്വന്തമാക്കിയത്.

കറ്റാലന്‍ ഡെര്‍ബിയില്‍ നേടിയ ഇരട്ട ഗോളാണ് ലെവന്‍ഡോസ്‌കിയുടെ ഗോള്‍ നേട്ടം 31 ആയി ഉയര്‍ത്തിയത്. ഏഴ് തവണയാണ് സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ ലെവന്‍ഡോസ്‌കി ഇക്കാലയളവില്‍ അവസരമൊരുക്കിയത്.

1996-97 സീസണിലായിരുന്നു പി.എസ്.വി ഐന്തോവാനില്‍ നിന്നും റൊണാള്‍ഡോ നസാരിയോ ബാഴ്‌സയിലെത്തുന്നത്. ആദ്യ സീസണില്‍ കളിച്ച 49 മത്സരത്തില്‍ നിന്നും 47 ഗോളും 12 അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്.

അതേസമയം, തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്പാന്യോളിനെതിരെ രണ്ട് ഗോളിന് വിജയിച്ചതോടെ ലാ ലീഗ ചാമ്പ്യന്‍മാരാകാനും ബാഴ്‌സക്ക് സാധിച്ചിരുന്നു. 27 മത്സരത്തില്‍ നിന്നും 27 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയുള്‍പ്പെടെ 85 പോയിന്റ് നേടിയാണ് ബാഴ്‌സ കപ്പുറപ്പിച്ചത്.

രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയിന്റിന്റെ വ്യത്യാസമാണ് ബാഴ്‌സക്കുള്ളത്. ബാഴ്‌സയുടെ 27ാമത് ടൈറ്റിലാണിത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സ മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അലഹാന്‍ഡ്രോ ബാല്‍ഡേയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമായിരുന്നു ഗോള്‍ വേട്ടക്കാര്‍. 53ാം മിനിട്ടില്‍ ജൂള്‍ കുണ്ടേയും ബാഴ്‌സക്കായി വലകുലുക്കി.

മത്സരത്തിന്റെ 73, 90+2 മിനിട്ടുകളിലാണ് എസ്പാന്യോളിന്റെ ഗോളുകള്‍ പിറന്നത്. ഹാവി പുവാഡോയും ഹോസെലുവുമാണ് ഹോം ടീമിന് വേണ്ടി വലകുലുക്കിയത്.

മെയ് 21നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ക്യാമ്പ് നൗവില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ റയല്‍ സോസിഡാഡാണ് എതിരാളികള്‍.

Content Highlight: Robert Lewandowski becomes first player since Ronaldo Nazario to score 30+ goals for Barca

We use cookies to give you the best possible experience. Learn more