|

ബാഴ്‌സലോണയില്‍ മെസിയെത്താതിരിക്കാന്‍ നാല് താരങ്ങള്‍ കരുനീക്കം നടത്തുന്നു; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയടക്കം നാല് ബാഴ്‌സലോണ താരങ്ങള്‍ മെസിയുടെ തിരിച്ചുവരവിനെ ശക്തമായി എതിര്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കേ താരം ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

നിലവില്‍ ബാഴ്സയില്‍ മിന്നുന്ന ഫോമിലാണ് പോളിഷ് താരം ലെവന്‍ഡോസ്‌കിയുള്ളത്.

മെസിയുടെ തിരിച്ച് വരവോടുകൂടി തന്നെ ആരും ശ്രദ്ധിക്കില്ലെന്നും തന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന ആശങ്കയാണ് ലെവന്‍ഡോസ്‌കിയെ അലട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗോള്‍കീപ്പര്‍ മാര്‍ക് ആന്‍ഡ്രേയും അന്‍സു ഫാറ്റിയും ഉസ്മാന്‍ ഡെംബെലെയുമാണ് മെസിയുടെ തിരിച്ചുവരവിനെ എതിര്‍ക്കുന്ന മറ്റ് താരങ്ങള്‍ എന്നും റിപ്പോര്‍ട്ടിലുണ്ട്.

മാര്‍ക്ക് ആന്‍ഡെയുമായി മെസി രമ്യതയിലല്ലെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് മെസിയുടെ തിരിച്ചുവരവിനോട് ആന്‍ഡെ വിയോജിപ്പ് പ്രകടപ്പിച്ചത്.

അതേസമയം ലെവന്‍ഡോസ്‌കിയുടേതിന് സമാന കാരണമാണ് അന്‍സു ഫാറ്റിയുടെ വിയോജിപ്പിന് പിന്നില്‍. ഫാറ്റിക്ക് മെസിയോട് അസൂയയുണ്ടെന്നും മെസി തിരിച്ചെത്തിയാല്‍ തന്റെ അവസരങ്ങള്‍ നഷ്ടമാകുമെന്നും അന്‍സു ഭയക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഴ്‌സലോണയിലുണ്ടായിരുന്ന സമയത്ത് മെസി ഡെംബെലെയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്നും അക്കാരണത്താലാണ് ഡെംബെലെ മെസിയുടെ തിരിച്ചുവരവിനെ എതിര്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്സലോണ എഫ്.സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് ബാഴ്സയെ കീഴ്പ്പെടുത്തിയത്. ഇതോടെ യുണൈറ്റഡ് ബാഴ്‌സയെ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

മത്സരം 18 മിനിട്ട് പിന്നിട്ടപ്പോള്‍ അനുവദിച്ച് കിട്ടിയ പെനാല്‍ട്ടി റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സക്ക് മത്സരത്തില്‍ ആധിപത്യം ലഭിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ബ്രസീലിയന്‍ താരങ്ങളായ ഫ്രഡ്, ആന്റണി എന്നിവരായിരുന്നു ചുവന്ന ചെകുത്താന്‍മാര്‍ക്ക് വേണ്ടിയുള്ള വിജയ ഗോളുകള്‍ സ്വന്തമാക്കിയത്.

ലാ ലിഗയില്‍ 22 മത്സരങ്ങളില്‍ നിന്നും 59 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സ ഫെബ്രുവരി 24ന് അല്‍മിറയെയാണ് അടുത്തതായി എതിരിടുക.

Content Highlights: Robert Lewandowski and four other Barcelona stars who are against Lionel Messi returning to Camp Nou