| Sunday, 25th December 2022, 3:52 pm

സൗദിക്കെതിരെ അർജന്റീന പരാജയപ്പെട്ടപ്പോഴും ഞാൻ അതുതന്നെ വിശ്വസിച്ചു: ലെവൻഡോസ്‌കി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ തോൽവി വഴങ്ങിക്കൊണ്ടാണ് അർജന്റീനയുടെ തുടക്കമെങ്കിലും മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴ്പ്പെടുത്തിയാണ് മെസിയും സംഘവും വിശ്വകിരീടത്തിൽ മുത്തമിട്ടത്. ആദ്യ മത്സരത്തിൽ അടിപതറിയ അർജന്റീന പിന്നീട് കുതിച്ച് മുന്നേറുന്ന കാഴ്ചക്കാണ് ഖത്തറിൽ ആരാധകർ സാക്ഷ്യം വഹിച്ചത്.

​മെക്സിക്കോയെയും പോളണ്ടിനെയും തകർത്തുകൊണ്ട് ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ടീം അർജന്റീന പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ലോകകപ്പ് നേടണമെന്ന മോഹം നോക്കൗട്ടിന് മുമ്പുതന്നെ ഉപേക്ഷിക്കേണ്ടി വന്ന പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി ഇപ്പോൾ ലോകകപ്പ് അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അർജന്റീന ചാമ്പ്യന്മാരാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും സൗദി അറേബ്യക്കെതിരെ ആ​ദ്യ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോഴും താൻ അതുതന്നെയാണ് വിശ്വസിച്ചിരുന്നതെന്നും ലെവൻഡോസ്കി പറഞ്ഞു.

“ഞാൻ ലോകകപ്പിനു മുമ്പ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അർജന്റീനയാണ് കിരീട ഫേവറിറ്റുകൾ എന്ന് ആര് എപ്പോൾ ചോദിച്ചാലും ഞാൻ പറയുമായിരുന്നു. സൗദി അറേബ്യക്കെതിരെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോഴും അവർ തന്നെ ഫൈനലിൽ എത്തുമെന്നും വിജയം നേടുമെന്നും എനിക്കുറപ്പായിരുന്നു, ലെവൻഡോസ്കി വ്യക്തമാക്കി.

അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടയിൽ മെസിയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ലെവൻഡോസ്കി സംസാരിച്ചു. സ്പാനിഷ് മാധ്യമമായ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.

“ഞങ്ങൾ സംസാരിച്ച കാര്യങ്ങളെ കുറിച്ച് ഞാൻ മനസ് തുറക്കുന്നില്ല. പക്ഷെ അതൊരു സൗഹൃദ സംഭാഷണമായിരുന്നു. ഇത്തരം സ്വകാര്യത നിറഞ്ഞ എന്നാൽ മനോഹരമായ കാര്യങ്ങൾ വിശദീകരിക്കേണ്ട എന്നാണ് ഞാൻ മനസിലാക്കുന്നത്, ലെവൻഡോസ്കി കൂട്ടിച്ചേർത്തു.

അതേസമയം മെസി തന്റെ സ്വപ്‌ന സാക്ഷാത്കാരം നടത്തിയതിൽ സന്തോഷം തോന്നുന്നുണ്ടെന്നും ഫുട്‌ബോളിൽ എല്ലാം അച്ചീവ് ചെയ്യാൻ അദ്ദേഹത്തിനായെന്നും ലെവ പറഞ്ഞു.

മെസിയുടെ നേട്ടം അദ്ദേഹവും അദ്ദേഹത്തിന്റെ രാജ്യവും എങ്ങനെയൊക്കെ ആസ്വദിക്കുന്നുണ്ടാകുമെന്ന് തനിക്ക് ഊഹിക്കാമെന്നും അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനത്തിന് ഈ ലോകം മുഴുവൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ലെവൻഡോസ്‌കി കൂട്ടിച്ചേർത്തു.

Content Highlights: Robert Lewandowski about Lionel Messi and Argentina

We use cookies to give you the best possible experience. Learn more