ബാലൺ ഡി ഓർ G.O.A.T സ്വന്തമാക്കും; പ്രവചിച്ച് ലെവൻഡോസ്കി
Footba
ബാലൺ ഡി ഓർ G.O.A.T സ്വന്തമാക്കും; പ്രവചിച്ച് ലെവൻഡോസ്കി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th December 2022, 3:09 pm

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ​​​ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ. എട്ട് ​ഗോളുകളാണ് താരം ഖത്തർ ലോകകപ്പിൽ നേടിയത്. അർജന്റീനക്കെതിരായ ഫൈനൽ പോരാട്ടത്തിൽ ഹാട്രിക് നേടാനും താരത്തിനായി.

എന്നാൽ ഏഴ് ​ഗോളുകൾ സ്വന്തമാക്കി തൊട്ടുപുറകെ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിയുമുണ്ട്. 24കാരനായ എംബാപ്പെയും 35കാരനായ മെസിയും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം അരങ്ങേറിയിരുന്നത്.

ഫ്രഞ്ച് ക്ലബ്ബായ പാരീസി സെന്റ് ഷെർമാങ്ങിലെ സഹതാരങ്ങളായ ഇരുവരും മികച്ച ഫോമിലാണ് സീസണിൽ തുടരുന്നത്.

അടുത്ത ബാലൺ ഡി ഓർ ആര് നേടുമെന്ന ചർച്ച വ്യാപകമായിക്കൊണ്ടിരിക്കെ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ പോളിഷ് സൂപ്പർതാരം റോബർട്ട് ലെവൻഡോസ്കി.

ലോകത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ‍ പുരസ്‌കാരം എട്ടാം തവണയും സൂപ്പർ താരം ലയണൽ മെസി സ്വന്തമാക്കുമെന്നാണ് ലെവൻഡോവ്‌സ്‌കി പറഞ്ഞത്. ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കുമെന്നും ലെവൻഡോസ്കി അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫൈനലിൽ രണ്ട് ഗോൾ ഉൾപ്പെടെ ടൂർണമെന്റിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു. ഇതോടെ ബാലൺ ഡി ഓർ‍ പുരസ്‌കാരത്തിനുള്ള പട്ടികയിൽ എംബാപ്പെയേക്കാൾ മുകളിലാണ് മെസിയെന്നാണ് ലെവൻഡോസ്‌കി പറയുന്നത്.

ഈ സീസണിൽ പി.എസ്.ജിക്കായി 19 മത്സരങ്ങൾ കളിച്ച മെസി 12 ഗോളുകളും 14 അസിസ്റ്റു നേടിയിട്ടുണ്ട്. അതേസമയം പി.എസ്.ജിക്കായി 20 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് എംബാപ്പെയുടെ അക്കൗണ്ടിലുള്ളത്.

കൂടാതെ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അർജന്റീന ചാമ്പ്യന്മാരാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും സൗദി അറേബ്യക്കെതിരെ ആ​ദ്യ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോഴും താൻ അതുതന്നെയാണ് വിശ്വസിച്ചിരുന്നതെന്നും ലെവൻഡോസ്കി പറഞ്ഞു.

“ഞാൻ ലോകകപ്പിനു മുമ്പ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അർജന്റീനയാണ് കിരീട ഫേവറിറ്റുകൾ എന്ന് ആര് എപ്പോൾ ചോദിച്ചാലും ഞാൻ പറയുമായിരുന്നു.

സൗദി അറേബ്യക്കെതിരെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോഴും അവർ തന്നെ ഫൈനലിൽ എത്തുമെന്നും വിജയം നേടുമെന്നും എനിക്കുറപ്പായിരുന്നു, ലെവൻഡോസ്കി വ്യക്തമാക്കി.

Content Highlights: Robert Lewandowski about Lionel Messi