മെസിയോ റൊണാള്‍ഡോയോ അല്ല, മികച്ച താരം ഞാന്‍ തന്നെ; ഇപ്പോഴും കളി തുടരുന്ന സൂപ്പര്‍ താരം പറഞ്ഞത്
Sports News
മെസിയോ റൊണാള്‍ഡോയോ അല്ല, മികച്ച താരം ഞാന്‍ തന്നെ; ഇപ്പോഴും കളി തുടരുന്ന സൂപ്പര്‍ താരം പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th October 2024, 2:48 pm

 

ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ക്ലാസിക് റൈവല്‍റികളിലൊന്നാണ് മെസി-റൊണാള്‍ഡോ പോരാട്ടങ്ങള്‍. ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. മെസിയും റോണോയും നേര്‍ക്കുനേര്‍ വന്ന ബാഴ്സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരമാര് എന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഒരുപോലെ മികച്ചവരെന്നും ഇതിഹാസങ്ങള്‍ തന്നെയെന്നും അംഗീകരിക്കുന്നവരും കുറവല്ല.

എന്നാല്‍ ഇരുവരേക്കാളും മികച്ച താരമായി റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരിക്കല്‍ സ്വയം തെരഞ്ഞെടുത്തിരുന്നു. 2021ലെ ദുബായ് എക്‌സ്‌പോയില്‍ സംസാരിക്കവെയാണ് ലെവ ഇക്കാര്യം പറഞ്ഞത്.

2020ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ചിരുന്നതും യോഗ്യതയുള്ളതും ലെവന്‍ഡോസ്‌കിക്കായിരുന്നു. എന്നാല്‍ കൊവിഡിന് പിന്നാലെ ആ വര്‍ഷം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കിയിരുന്നില്ല. പുരസ്‌കാരം നേടാന്‍ സാധിച്ചില്ലെങ്കിലും ആ വര്‍ഷത്തെ പ്രകടനങ്ങളിലും നേട്ടങ്ങളിലും പൂര്‍ണ തൃപ്തനാണെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു.

‘ഞാന്‍ ലെവന്‍ഡോസ്‌കിയെ തെരഞ്ഞെടുക്കും. ബാലണ്‍ ഡി ഓറിനെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങള്‍ എന്നോട് ചോദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ പുരസ്‌കാരദാന ചടങ്ങ് ഒഴിവാക്കി. എനിക്ക് പോകാന്‍ സാധിച്ചില്ല, ഞാന്‍ എല്ലാം തന്നെ നേടിയിരുന്നു, ബാലണ്‍ ഡി ഓറും നേടാന്‍ സാധിക്കുമായിരുന്നു.

ഈ വര്‍ഷം ഒരു സീസണില്‍ നിന്ന് മാത്രമായി 69 ഗോള്‍ ഞാന്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ആ കാര്യവും അറിയാമെന്ന് കരുതുന്നു. എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്തിരുന്നു. പി.എസ്.ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പരിക്കേറ്റതിനാല്‍ എനിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.

എന്റെ പ്രകടനത്തെ കുറിച്ചോര്‍ക്കുമ്പോള്‍, കണ്ണാടിക്ക് മുമ്പില്‍ നിന്ന് സ്വയം നോക്കുമ്പോള്‍ നിന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നതെല്ലാം നീ നേടി എന്നെനിക്ക് പറയാന്‍ സാധിക്കും. 69 ഗോളുകള്‍ സ്വന്തമാക്കി, ജര്‍മന്‍ ലീഗ് വിജയിച്ചു. സ്വയം അഭിമാനിക്കാനുള്ള അവസരമാണിത്.

 

ഞാന്‍ മറ്റു താരങ്ങളെയും ഏറെ ബഹുമാനിക്കുന്നു, കാരണം അവര്‍ വളരെ മികച്ച താരങ്ങളാണ്. പക്ഷേ ഞാന്‍ ഞാനായിരിക്കുകയും എന്നെ കുറിച്ച് പോസിറ്റീവായി ചിന്തിക്കുന്നത് പ്രധാനമാണെന്നും ഞാന്‍ വിശ്വസിക്കുന്നു,’ ലെവന്‍ഡോസ്‌കി പറഞ്ഞു.

അതേസമയം, ഈ സീസണിലും മികച്ച പ്രകടനം നടത്തിയാണ് പോളിഷ് ഗോളടിയന്ത്രം ആരാധകരുടെ കയ്യടികളേറ്റുവാങ്ങുന്നത്. ലാലിഗയില്‍ റയലിനെതിരെ നേടിയ ബ്രേസ് അടക്കം 11 മത്സരത്തില്‍ നിന്നും 14 ഗോളാണ് താരം സ്വന്തമാക്കിയത്.

ലെവയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ കരുത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. 11 മത്സരത്തില്‍ നിന്നും പത്ത് ജയവും ഒരു തോല്‍വിയുമായി 30 പോയിന്റാണ് ബാഴ്‌സക്കുള്ളത്. രണ്ടാമതുള്ള റയലിനേക്കാള്‍ ആറ് പോയിന്റ് അധികമാണ് കറ്റാലന്‍മാര്‍ക്ക്. 11 മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി 24 പോയിന്റാണ് ലോസ് ബ്ലാങ്കോസിന്റെ അക്കൗണ്ടിലുള്ളത്.

നവംബര്‍ മൂന്നിനാണ് ബാഴ്‌സയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ എസ്പാന്യോളാണ് എതിരാളികള്‍.

 

Content Highlight: Robert Lewandowski about his performance