കോപ്പ ഡെല്‍ റേയുടെ സെമി ഫൈനല്‍ മത്സരത്തിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്ന് ബാഴ്‌സലോണ മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. റയല്‍ സൂപ്പര്‍ താരം എഡര്‍ മിലിറ്റാവോയാണ് തന്നെ പരിക്കേല്‍പ്പിച്ചതെന്നും ഇതിന് ശേഷം തനിക്ക് നടക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ പരിക്കിന് ശേഷം ലെവന്‍ഡോസ്‌കി ജിറോണക്കെതിരായ മത്സരം കളിച്ചിരുന്നു. ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന് ശേഷമായിരുന്നു മിലിറ്റാവോ കഴിഞ്ഞ മത്സരത്തില്‍ തന്നെ പരിക്കേല്‍പിച്ച കാര്യം അദ്ദേഹം പറഞ്ഞത്. കാറൗസല്‍ ഡിപ്പോര്‍ട്ടീവോയോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എന്റെ പുറകില്‍ മിലിറ്റാവോ ചവിട്ടിയിരുന്നു. അത് വളരെ വേദനാജനകമായ പരിക്കായിരുന്നു. ഇന്നലെ ഞാന്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. വേദന കാരണം ജിറോണക്കെതിരെ എന്റെ ടീം അംഗങ്ങളെ മാത്രം ഇറക്കിവിടാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ വെച്ച് നടന്ന കോപ്പ ഡെല്‍ റേയുടെ സെമി ഫൈനല്‍ മത്സരത്തിന്റെ രണ്ടാം പാദ മത്സരത്തിലായിരുന്നു കറ്റാലന്‍മാരെ പരാജയപ്പെടുത്തി ലോസ് ബ്ലാങ്കോസ് വിജയിച്ചത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു റയലിന്റെ വിജയം. ഇതോടെ 4-1 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് റയല്‍ മാഡ്രിഡ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
സൂപ്പര്‍ താരം കരീം ബെന്‍സെമയുടെ ഹാട്രിക്കും വിനീഷ്യസ് ജൂനിയറിന്റെ ഗോളുമാണ് റയലിന് വിജയം നേടിക്കൊടുത്തത്.
മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയറായിരുന്നു റയലിനെ മുമ്പിലെത്തിച്ചത്. അഞ്ച് മിനിട്ടിന് ശേഷം കരീം ബെന്‍സെമ റയലിന്റെ ലീഡ് ഉയര്‍ത്തി.
58ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ റയലിന്റെ മൂന്നാം ഗോള്‍ കണ്ടെത്തിയ ബെന്‍സെമ, 80ാം മിനിട്ടില്‍ ഒരിക്കല്‍ക്കൂടി വലകുലുക്കി തന്റെ ഹാട്രിക്കും റയലിന്റെ വിജയവും ഒരുപോലെ സ്വന്തമാക്കുകയായിരുന്നു.
മെയ് ആറിനാണ് കോപ്പ ഡെല്‍ റേയുടെ ഫൈനല്‍ മത്സരം. ഒസാസുനയാണ് റയലിന്റെ എതിരാളികള്‍.
Content Highlight: Robert Lewandowski about his injury