ക്ലബ്ബ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണിലായി ടീമെന്ന നിലയില്‍ മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചത്. താരങ്ങളുടെ കൊഴിഞ്ഞുപോക്കും മാറി മാറി വരുന്ന കോച്ചുമാരും ടീമിന്റെ തകര്‍ച്ചക്ക് കാരണമായി.
കഴിഞ്ഞ സീസണില്‍ ടീമിലെ സൂപ്പര്‍താരം ലയണല്‍ മെസി ടീം വിട്ട് പോയിരുന്നു. അതിന് ശേഷം ഒരു കീരീടം പോലും നേടാന്‍ ബാഴ്‌സക്ക് സാധിച്ചില്ല. കൊയ്മന്റെ കീഴില്‍ മുഴുവനായി തകരുന്ന ടീമാകുന്നതില്‍ നിന്നും ബാഴ്‌സയെ കരകയറ്റാന്‍ ശ്രമിക്കുകയാണ് പുതിയ കോച്ചായ സാവി. ഒരു കാലത്ത് ബാഴ്‌സയുടെ സൂപ്പര്‍ താരമായിരുന്നു സാവി.
മാറ്റങ്ങളുടെ ഭാഗമായി ടീമില്‍ ഒരുപാട് മികച്ച താരങ്ങളെ കൊണ്ടുവരാന്‍ സാവിക്ക് സാധിച്ചിട്ടുണ്ട്. ബയേണ്‍ മ്യൂണിക്കില്‍ നിന്നും സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിച്ചതാണ് ബാഴ്‌സയുടെ ഈ സീസണിലെ ഏറ്റവും മികച്ച ട്രാന്‍സ്ഫര്‍ എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മെസിക്ക് ശേഷം ബാഴ്‌സ തേടിയിരുന്ന സൂപ്പര്‍ താരമാകാന്‍ ലെവക്ക് സാധിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.
ബാഴ്‌സയിലെത്തിയതില്‍ ഒരുപാട് സന്തോഷത്തിലാണ് ലെവന്‍ഡോസ്‌കി. ഒരു ടീമെന്ന നിലയില്‍ ബാഴ്‌സക്ക് ഒരുപാട് കിരീടം നേടാന്‍ സാധിക്കുമെന്ന് ലെവ പറയുന്നു. ഇത്തവണ എല്ലാ കിരീടങ്ങളും നേടാന്‍ ബാഴ്‌സക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ വെച്ച് നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്ന ടീമിന് കൂടെയുള്ള താരം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
‘ബാഴ്സലോണക്ക് വേണ്ടി കളിക്കുമ്പോള്‍ കിരീടങ്ങള്‍ നേടുന്നതിനെ കുറിച്ചു ചിന്തിക്കുക വളരെ സാധാരണമാണ്. ടീമിലുള്ള പ്രതിഭ കണക്കാക്കുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ മികച്ച സാധ്യതയുണ്ട്. അതിനുള്ള കഴിവുണ്ട്. യുവതാരങ്ങള്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുന്നുണ്ട്,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
‘സഹതാരങ്ങളുമായി മികച്ച രീതിയില്‍ ഞാന്‍ ഇണങ്ങിപ്പോകുന്നു. അവരെന്നെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ഞാനിവിടെ എത്തിയിട്ടുള്ളത്. ആദ്യ ദിവസം മുതല്‍ ക്ലബ്ബിനോടും സഹതാരങ്ങളോടും ഇണങ്ങാന്‍ എനിക്ക് കഴിഞ്ഞു. എല്ലാവരും എന്നെ സഹായിക്കുന്നുണ്ട്,’ പോളിഷ് താരം പറഞ്ഞു.
45 മില്യണ്‍ യൂറോയോളം നല്‍കിയാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ബാഴ്സലോണ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീമിലെത്തിച്ചത്. ബയേണ്‍ മ്യൂണിക്കിനായി 375 മത്സരങ്ങളില്‍ നിന്നും 344 ഗോളുകള്‍ നേടി എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം ബാഴ്സലോണയിലും അതാവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.