|

പുതിയ മാസ്‌ക്കില്‍ അയണ്‍ മാന്‍ തിരിച്ചെത്തുന്നു; വമ്പന്‍ പ്രഖ്യാപനവുമായി മാര്‍വല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍വെലിന്റെ അയണ്‍ മാന്‍ എന്ന സൂപ്പര്‍ഹീറോ വേഷത്തിലൂടെ ഏറെ പ്രശസ്തനായ അമേരിക്കന്‍ നടനാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍. അഞ്ചാം വയസില്‍ തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1992ല്‍ പുറത്തിറങ്ങിയ ചാപ്ലിന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം നേടിയിരുന്നു.

ഏറ്റവും മികച്ച നടനുള്ള ബാഫ്ത പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. 2000ല്‍ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച റോബര്‍ട്ട് ഡൗണി ജൂനിയര്‍ 2008ല്‍ അയണ്‍ മാന്‍ എന്ന സൂപ്പര്‍ഹീറോയിലൂടെ ലോകമാകെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.

ഇപ്പോള്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാര്‍വല്‍ സ്റ്റുഡിയോയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അവഞ്ചേഴ്സ് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ‘അവഞ്ചേഴ്സ് ഡൂംസ്ഡേ’യിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. ചിത്രത്തില്‍ ഡോക്ടര്‍ ഡൂം ആയിട്ടാണ് നടന്‍ എത്തുന്നത്.

മാര്‍വല്‍ കോമിക്‌സിലെ ഒരു സാങ്കല്‍പ്പിക സൂപ്പര്‍വില്ലനാണ് വിക്ടര്‍ വോണ്‍ ഡൂം എന്ന് അറിയപ്പെടുന്ന ഡോക്ടര്‍ ഡൂം. 1962ല്‍ ഫന്റാസ്റ്റിക് ഫോര്‍ 5ല്‍ ആണ് ഈ കഥാപാത്രം ആദ്യമായി എത്തുന്നത്. ഫന്റാസ്റ്റിക് ഫോറിലെ പ്രധാന വില്ലനാണ് ഡോക്ടര്‍ ഡൂം. അവഞ്ചേഴ്സ് ഉള്‍പ്പെടെയുള്ള മറ്റ് നിരവധി മാര്‍വല്‍ ഹീറോകളുടെ വില്ലനായും ഈ കഥാപാത്രം എത്തിയിട്ടുണ്ട്.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് തന്നെയാണ് ഡോക്ടര്‍ ഡൂമായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. മാര്‍വല്‍ സ്റ്റുഡിയോസ് മേധാവി കെവിന്‍ ഫീഗും നടനും സാന്‍ ഡിയാഗോ കോമിക്-കോണ്‍ 2024ന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. 2026 മെയ് മാസത്തിലാകും അവഞ്ചേഴ്സ് ഡൂംസ്ഡേ തിയേറ്ററുകളില്‍ എത്തുക.


മാര്‍വലിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിന് പിന്നാലെ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ന്യൂ മാസ്‌ക്, സെയിം ടാസ്‌ക് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. ഫന്റാസ്റ്റിക് ഫോര്‍ വില്ലനായ ഡോക്ടര്‍ ഡൂമായി നടന്‍ എത്തുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് മാര്‍വല്‍ ആരാധകര്‍ ഏറ്റെടുത്തത്.

Content Highlight: Robert Downey Jr. Return Into Marvel As Dr. Doom In Avengers Doomsday