| Tuesday, 2nd January 2024, 1:49 pm

ഓള്‍ഡ് ട്രാഫോഡിലെ പഴയ റൊണാള്‍ഡോയെ ഓര്‍മയുണ്ടോ? അവനും അതുപോലെയാവും; മുന്‍ വെയ്ല്‍സ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരമായ ആന്റണിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ വെയ്ല്‍സ് താരമായ റോബി സാവേജ്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച പോലുള്ള മികച്ച പ്രകടനം നടത്താന്‍ ആന്റണിക്കും സാധിക്കുമെന്നാണ് മുന്‍ വെയ്ല്‍സ് താരം പറഞ്ഞത്.

‘ആന്റണി ഒരു മികച്ച യുവതാരമാണ്. അവന്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് റൊണാള്‍ഡോയെ ഓര്‍മ്മയുണ്ടോ? അവന്‍ ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത് ഓര്‍മയില്ലേ. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളില്‍ ഒന്നായ യുണൈറ്റഡില്‍ ആണ് ആന്റണി കളിക്കുന്നത്. അതുകൊണ്ട് അവന്‍ മികച്ച പ്രകടനം നടത്താന്‍ കുറച്ചു സമയമെടുക്കും,’ വെയ്ല്‍സ് ഇന്റര്‍നാഷണല്‍ പറഞ്ഞു.

2023ല്‍ അജാക്‌സില്‍ നിന്നുമാണ് ആന്റണി ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. റെഡ് ഡെവിള്‍സിനൊപ്പം 60 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

അതേസമയം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 346 മത്സരങ്ങളില്‍ നിന്നും 145 ഗോളുകളാണ് സ്വന്തമാക്കിയത്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിൽ നിന്നുള്ള രണ്ടാം വരവിലും റൊണാൾഡോ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ 2022ൽ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.

നിലവില്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും ഒരു സമനിലയും ഒമ്പത് തോല്‍വിയും അടക്കം 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

എഫ്.എ കപ്പില്‍ ജനുവരി ഒമ്പതിന് വിഗന്‍ അത്ലറ്റിക്കുമായാണ് റെഡ് ഡെവിള്‍സിന്റെ അടുത്ത മത്സരം.

Content Highlight: Robbie Savage talks Antony can form like Cristiano Ronaldo.

We use cookies to give you the best possible experience. Learn more