ട്രെയ്‌നില് മയക്കി കിടത്തി മോഷണം; കുപ്രസിദ്ധ മോഷ്ടാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു
Kerala News
ട്രെയ്‌നില് മയക്കി കിടത്തി മോഷണം; കുപ്രസിദ്ധ മോഷ്ടാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th September 2021, 3:16 pm

തിരുവനന്തപുരം: ട്രെയ്‌നില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കുപ്രസിദ്ധ മോഷ്ടാവ് അസ്ഗര്‍ ബാഗ്ഷായുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

ഇയാളുടെ ചിത്രം കവര്‍ച്ചയ്ക്ക് ഇരയായവര്‍ തിരിച്ചറിഞ്ഞെന്നാണ് സൂചന. നിസാമുദ്ദീന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്ര ചെയ്തവരാണ് മോഷണത്തിന് ഇരയായത്.

തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകള്‍ അഞ്ജലിയേയും കോയമ്പത്തൂര്‍ സ്വദേശിനിയായ കൗസല്യയെയുമാണ് മയക്കി കിടത്തി വസ്തുക്കള്‍ മോഷ്ടിച്ചത്. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്ന് പേരെയും മയങ്ങി കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്.

വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായി ഇരുവരും പരാതി നല്‍കിയിട്ടുണ്ട്.

രാവിലെ ടെയ്ര്‌നില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയിലാണ് ഇവര്‍ മയങ്ങികിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവരെ തെക്കാട് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയുമായിരുന്നു. പിന്നീട് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോയമ്പത്തൂര്‍ സ്വദേശിനി കൗസല്യയെ മറ്റൊരു ബോഗിയിലാണ് കണ്ടെത്തിയത്. ഇവര്‍ ആലുവയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.