| Saturday, 7th July 2018, 12:29 am

നെല്‍സണ്‍ മണ്ടേല കിടന്ന ജയില്‍മുറിയില്‍ ഒരുരാത്രി കഴിയാന്‍ കോടികളുടെ ലേലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗത്ത്ആഫ്രിക്ക: നെല്‍സണ്‍ മണ്ടേല കിടന്ന ജയില്‍മുറിയിയിലെ ഒരുരാത്രി കഴിയാന്‍ ലേലം. ലേലത്തില്‍ പങ്കെടുക്കുന്നത് ധനികരായ ബിസിനസുകാര്‍. നെല്‍സണ്‍ മണ്ടേല 18 വര്‍ഷത്തോളം തടവിലായിരുന്ന റോബന്‍ ദ്വീപിലെ തടവുമുറിയാണ് ലേലത്തിന് വച്ചിരിക്കുന്നത്.

സി.ഇ.ഒ സ്ലീപ്ഔട്ട് എന്ന സന്നദ്ധസംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ജയിലില്‍ കിടക്കുന്നവര്‍ക്കായുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇതില്‍ നിന്ന് കിട്ടുന്ന പണം വിനിയോഗിക്കുമെന്നാണ് സി.ഇ.ഒ സ്ലീപ്ഔട്ട് പ്രതിനിധി ലിയാനേ എംസിഗോവന്‍ പറയുന്നത്.

ഓണ്‍ലൈന്‍ ലേലം ആരംഭിച്ചത് ഒന്നരക്കോടിയോളം രൂപയ്ക്കാണ്. ഇതിനകം മൂന്ന് പേരാണ് ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ടരക്കോടിയോളം രൂപയെങ്കിലും ലേലത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 16നാണ് ലേലം അവസാനിക്കുക.


Read:  ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം


ഉയര്‍ന്ന തുക വിളിക്കുന്നയാള്‍ക്ക് മണ്ടേല കിടന്ന ഏഴാം നമ്പര്‍ സെല്ലിലെ ഒരു രാത്രി സ്വന്തമാക്കാം. ലേലത്തില്‍ പങ്കെടുക്കുന്ന മറ്റ് 66 പേര്‍ക്ക് ദ്വീപിലെ ജയിലില്‍ എവിടെയെങ്കിലും കഴിയാം.

നിലവില്‍ ജയില്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. 67 പേരെയാണ് ലേലത്തില്‍ പങ്കെടുപ്പിക്കുക. തന്റെ 67 വര്‍ഷത്തെ ജീവിതം വംശീയാതിക്രമങ്ങള്‍ക്കെതിരെ പോരാട്ടത്തിനായി മാറ്റിവച്ചതിന്റെ സ്മരണയ്ക്കാണ് 67 എന്ന നമ്പര്‍.

ഇത്തരം വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ രാത്രി താമസിക്കുന്നതിന് സൗകര്യമൊരുക്കുന്നതിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താറുണ്ട്. ധനികരായ ബിസിനസുകാര്‍ക്ക് വേണ്ടിയാണ് ഇത്തരം ലേലം നടത്താറ്.

കഴിഞ്ഞ ജൂലൈയില്‍ ഇതിന് സമാനമായൊരു പരിപാടി ജോഹന്നാസ്ബര്‍ഗിലെ ലില്ലീസ്ലീസ് ഫാമിലും സംഘടിപ്പിച്ചിരുന്നു. മണ്ടേലയടക്കമുള്ള വര്‍ണവിവേചനത്തിനെതിരെ പോരാടിയിരുന്നവര്‍ പലരും താമസിച്ചിരുന്ന സ്ഥലമാണത്.


Read:  ബ്രസീല്‍ ആരാധകരുടെ ചങ്കിലേക്ക് ഡിബ്രുയിനിന്റെ രണ്ടാം ഗോള്‍


റോബന്‍ ദ്വീപില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ലഭിക്കുന്ന തുക തടവുകാര്‍ക്കായുള്ള കോളേജ് പൈപ് ലൈന്‍ പരിപാടിക്കു വേണ്ടിയും വിനിയോഗിക്കുമെന്നും സംഘാടകര്‍ പറയുന്നുണ്ട്.

വിദൂരവിദ്യാഭ്യാസം വഴി തടവുകാര്‍ക്ക് യൂണിവേഴ്സിറ്റി തലത്തിലുള്ള വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിനായി ന്യൂയോര്‍ക്കില്‍ തുടങ്ങിയ പദ്ധതിയാണ് കോളേജ് പൈപ് ലൈന്‍. മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18ന് കോളേജ് പൈപ് ലൈന്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്

We use cookies to give you the best possible experience. Learn more