|

ഇംഗ്ലണ്ടിന് തിരിച്ചുവരാന്‍ ഒരേയൊരു വഴി മാത്രം; പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് റോബ് കീ

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് തന്നെ പുറത്തായ ടീമാണ് ഇംഗ്ലണ്ട്. ബി ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയും മൂന്നാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുമാണ് ത്രീലയേണ്‍സ് പരാജയപ്പെട്ടത്.

ഇതോടെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ തന്റെ നായക സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. മോശം പ്രകടനത്തില്‍ പ്രൗഡി നഷ്ടപ്പെടുന്ന ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടുവരാന്‍ ഇനി ആര്‍ക്കാണ് സാധിക്കുക എന്നാണ് ബോര്‍ഡ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അടുത്ത നായകനെ തിരയുമ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന് ഒരു സന്ദേശം നല്‍കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം റോബ് കീ. ബെന്‍ സ്‌റ്റോക്‌സിനെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി കൊണ്ടുവരണമെന്നാണ് കീ പറഞ്ഞത്.

‘ഒന്നും ശരിക്കും മേശപ്പുറത്ത് ഇല്ലെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ ഓരോ ഓപ്ഷനും നോക്കുമ്പോള്‍, അത് ശരിയാകുന്നില്ല, എന്താണ് ചെയ്യാന്‍ ഏറ്റവും നല്ലതെന്നും, അത് മറ്റ് കാര്യങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്നും നിങ്ങള്‍ ചിന്തിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ബെന്‍ സ്റ്റോക്‌സ്. അതുകൊണ്ട് അദ്ദേഹത്തെ നോക്കാതിരിക്കുന്നത് മണ്ടത്തരമായിരിക്കും,’ റോബ് കീ പറഞ്ഞു.

2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം സ്റ്റോക്‌സ് 50 ഓവര്‍ ഫോര്‍മാറ്റ് കളിച്ചിട്ടില്ല. വിരമിക്കല്‍ തീരുമാനം മാറ്റിവെച്ച് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പില്‍ താരത്തിന് പരിക്ക് പറ്റി വിശ്രമത്തിലാകുകയായിരുന്നു. ടെസ്റ്റ് ടീമിന്റെ മികച്ച നായകനായ സ്‌റ്റോക്‌സ് വൈറ്റ് ബോളിലും ടീമിനെ കരകയറ്റുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

അതേസമയം 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനാണ് ലോക ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വെച്ചാണ് മത്സരം. ആദ്യ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.

Content Highlight: Bob Key Talking About England’s New Captain

Video Stories