ബാഗ്ദാദ്: ചാവേറാക്രമണത്തില്‍ ഇറാഖില്‍ 35 പേര്‍ മരിച്ചു. ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തില്‍ അറുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാഗ്ദാദ് സദര്‍ സിറ്റിയിലെ വഹൈലത്ത് മാര്‍ക്കറ്റിലാണ് തിങ്കളാഴ്ച ആക്രമണം നടന്നതെന്ന് ഇറാഖ് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും അധികവും. പെരുന്നാള്‍ ദിനത്തിന്റെ തലേ ദിവസമായതിനാല്‍ മാര്‍ക്കറ്റില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തട്ടില്ല. എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റാണ്(ഐ.എസ്.) ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഒരു ടെലഗ്രാം ചാനലില്‍ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അബു ഹംസ അല്‍ ഇറാഖി എന്ന ആളാണ് ചാവേറായി എത്തിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ഇയാള്‍ ആളുകള്‍ക്കിടയിലേയ്ക്ക് എത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കടയുടമകള്‍ സുരക്ഷാ സേനയോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.