|

ഓര്‍ക്കുക, നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ടാല്‍ അതിന്റെ ആഘാതം തീരുമാനിക്കുന്നത് ആ നിമിഷത്തെ സാഹചര്യമാണ്

വൈശാഖന്‍ തമ്പി

ഗുരുതരമായ അപകടങ്ങളില്‍ പെട്ടിട്ടുള്ളവരെ അറിയാമോ? കാറപകടത്തില്‍ അരയ്ക്ക് കീഴോട്ട് തളര്‍ന്നവര്‍, ബൈക്കപകടത്തില്‍ കാഴ്ച പോയവര്‍, പടക്കനിര്‍മാണ സ്ഥലത്ത് ദേഹം മുഴുവന്‍ പൊള്ളിയവര്‍, എന്നിങ്ങനെ ഒരു അപകടത്തിന്റെ ബാക്കിപത്രങ്ങളായി ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങളുമായി ജീവിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അവരോടൊരു കാര്യം ചോദിച്ചു നോക്കണം- ആ അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് അവരെന്താണ് ചിന്തിച്ചിരുന്നത് എന്ന്.

അപകടത്തിന് തൊട്ടുമുന്നത്തെ നിമിഷം വരെ അവരുടേത് ഒരു സാധാരണ ദിവസമായിരുന്നു. നിരവധി പദ്ധതികള്‍, ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, ആശങ്കകള്‍, ചിന്തകള്‍, എന്നിവയുമായി ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും എങ്ങനെയാണോ ഇപ്പോള്‍ ജീവിതത്തെ കാണുന്നത് അതുപോലെ. അപകടം പെട്ടെന്നുള്ള ഒരു ട്വിസ്റ്റ് ആയിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി, എപ്പോള്‍ എവിടെയെന്ന് കണക്കുകൂട്ടിയെടുക്കാന്‍ പറ്റാത്ത വിധം വളരെ പെട്ടെന്നാണ് അത് സംഭവിക്കുന്നത്. പലര്‍ക്കും അവിടെ ജീവിതത്തിന് ഒരു ഫുള്‍സ്റ്റോപ്പ് തന്നെ വീഴുന്നു. ബാക്കിയുള്ളവരില്‍ ചിലര്‍ കരകയറും, ചിലര്‍ നേരത്തേ പറഞ്ഞതുപോലെ അതിന്റെ ബാക്കിപത്രം പോലെ ജീവിക്കും.

നമുക്കെന്താണ് ചെയ്യാന്‍ കഴിയുക? ഏത് നിമിഷവും എന്ത് ചെയ്യുമ്പോഴും അത് പ്രതീക്ഷിക്കുക എന്നതാണ് പരിഷ്‌കൃത മനുഷ്യന്റെ രീതി. അതിനാണ് നമ്മള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. വിമാന യാത്രകള്‍ ചെയ്തിട്ടുള്ളവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പും ടെയ്ക്ക്-ഓഫ് ചെയ്യുന്നതിന് മുന്‍പും ജനാലമറകള്‍ (window blinds) ഉയര്‍ത്തി വെക്കാനും സീറ്റുകള്‍ അപ്‌റൈറ്റായി വെക്കാനും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. എന്തിനാണത്? വിമാനം തറയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും ആകാശത്ത് പറക്കുമ്പോഴും അപകട സാധ്യതകള്‍ വളരെ കുറവാണ്. ലാന്‍ഡിങ്-ടെയ്‌ക്കോഫ് അവസരങ്ങളിലാണ് അത് കൂടുതല്‍.

വെള്ളത്തില്‍ ഇറക്കേണ്ടി വരിക, തീ പിടുത്തത്തോടെ ലാന്‍ഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങള്‍ വന്നാല്‍, ഏത് വാതിലിലൂടെയാണ് ഇറങ്ങേണ്ടത് എന്ന് ഉടന്‍ തീരുമാനിക്കാന്‍ വിമാനത്തിന് പുറത്തേയ്ക്ക് കാണാന്‍ കഴിയണം. ആ സമയത്ത് ജനാലമറ പൊക്കി നോക്കി അത് ചെയ്യാനാവില്ല. ഒന്നര മിനിറ്റ് കൊണ്ട് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കാനുള്ള ട്രെയിനിങ് അവര്‍ക്ക് കിട്ടിയിട്ടുണ്ടാകും. അതിന്റെ ഭാഗമായിട്ടാണ്, എമര്‍ജന്‍സി എക്‌സിറ്റിന് അടുത്തിരിക്കുന്ന പാസഞ്ചര്‍ പൂര്‍ണ ആരോഗ്യമുള്ള ആളായിരിക്കണം എന്ന കാര്യത്തില്‍ വരെ അവര്‍ നിര്‍ബന്ധബുദ്ധി കാണിക്കുന്നത്. അല്ലാതെ അവര്‍ക്കോ വിമാനക്കമ്പനിയ്‌ക്കോ മാനസിക വൈകല്യമുണ്ടായിട്ടല്ല!

വിമാനത്തില്‍ മാത്രമല്ല സുരക്ഷ പ്രധാനമായിരിക്കുന്നത്. ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് വേണമെന്നും, കാറില്‍ സീറ്റ് ബെല്‍റ്റ് വേണമെന്നും, ഹൗസ് വയറിങ്ങില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ വേണമെന്നും, തീയറ്ററില്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ വേണമെന്നും, എന്തിനേറെ ക്യാമറയില്‍ സ്ട്രാപ്പ് വേണമെന്നും വരെ മനുഷ്യര്‍ മനസ്സിലാക്കിയിരിക്കുന്നത് അപകട സാധ്യതകളെ ശാസ്ത്രീയമായി പഠനവിധേയമാക്കിയിട്ടാണ്. പോലീസിന് പെറ്റിയടിച്ച് കാശ് പിരിക്കാനല്ല, നിങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാണ് ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമൊക്കെ.

‘ഞാന്‍ ഇരുപത് വര്‍ഷമായി വണ്ടിയോടിക്കുന്നു, ഇതുവരെ ആക്‌സിഡന്റുണ്ടാക്കിയിട്ടില്ല’ എന്നൊക്കെയാണ് നമ്മുടെ ന്യായങ്ങളുടെ പോക്ക്. ഓര്‍ക്കുക, നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ടാല്‍ അതിന്റെ ആഘാതം തീരുമാനിക്കുന്നത് (പച്ചയ്ക്ക് പറഞ്ഞാല്‍ മരിക്കുന്നോ കാല്‍ പോകുന്നോ കോമായിലാകുന്നോ തൊലി മാത്രം പോകുന്നോ എന്നൊക്കെ തീരുമാനിക്കുന്നത്) ആ നിമിഷത്തെ അവിടത്തെ സാഹചര്യമാണ്. ബസിന്റെ ടയറിനടിയില്‍ തലേന്ന് ലൈസന്‍സെടുത്ത ആളിന്റെയും ഇരുപത് കൊല്ലമായി വണ്ടിയോടിക്കുന്ന ആളിന്റെയും ശരീരം ഒരുപോലെയാകും പെരുമാറുക.

കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ മാത്രം റോഡപകടങ്ങളില്‍ മരിച്ചത് 4200 -പേരാണ്! (ഓരോ രണ്ട് മണിക്കൂറിലും ഒരു മരണം. ദൈനംദിനം ലക്ഷക്കണക്കിന് വിമാനങ്ങള്‍ പറന്നിട്ട്, കഴിഞ്ഞ വര്‍ഷം ലോകത്ത് മൊത്തം വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 500-ല്‍ താഴെയാണ്) അവരെല്ലാം വണ്ടിയോടിക്കാന്‍ അറിയാത്തവരായിരുന്നില്ല. അവരില്‍ എക്‌സ്പീരിയന്‍സ് ഉള്ളവരും, വണ്ടി പൂജിച്ച് ഷോറൂമില്‍ നിന്നിറക്കിയവരും, ഡാഷ് ബോര്‍ഡില്‍ ദൈവത്തെ ഫിറ്റ് ചെയ്തവരും, വണ്ടിയ്ക്ക് തന്നെ ദൈവനാമം ചാര്‍ത്തിയവരും ഒക്കെ പെടും. ഒന്നോര്‍ത്ത് നോക്കൂ, അപകടങ്ങള്‍ ഈ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തെ 4200-ല്‍ ഒരാള്‍ നിങ്ങളാകില്ല എന്ന ഗ്യാരന്റി തരുന്ന എന്തെങ്കിലും നിങ്ങടെ കൈയിലുണ്ടോ?!

(വാല്‍ക്കഷണം: കാറില്‍ എട്ട് എയര്‍ബാഗുണ്ടെന്നൊക്കെ വീമ്പിളക്കിയിട്ട് സീറ്റ് ബെല്‍റ്റിടാതെ വണ്ടിയോടിക്കുന്നവരെ കണ്ടിട്ടുണ്ട്. എട്ടല്ല പതിനാറ് എയര്‍ബാഗുണ്ടെങ്കിലും, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ അത് പ്രവര്‍ത്തിക്കില്ല!)

വൈശാഖന്‍ തമ്പി