| Wednesday, 26th June 2019, 8:01 am

അഞ്ച് വര്‍ഷം കൊണ്ട് വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡുകള്‍, എം.എല്‍.എമാരറിയാതെ ഇനി റോഡ് വെട്ടിപ്പൊളിക്കരുതെന്ന് മന്ത്രി ജി.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റോഡുകള്‍ വെട്ടിപ്പൊളിച്ചതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3000 കോടിയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി ജി. സുധാകരന്‍. റോഡ് അറ്റക്കുറ്റപണിയ്ക്കുള്ള ചിലവ് ഇതിന് പുറമെയാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരറിയാതെ ഇനി റോഡ് വെട്ടിപ്പൊളിക്കുന്നത് അനുവദിക്കില്ലെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. മണ്ഡലങ്ങളില്‍ എം.എല്‍.എ അധ്യക്ഷനായി ഉപദേശകസമിതി രൂപീകരിക്കും. സമിതിയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ ജല അതോറിറ്റിക്കടക്കം ആര്‍ക്കും റോഡ് വെട്ടിപ്പൊളിക്കാന്‍ അനുവാദമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രധാന പദ്ധതികള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കണമെങ്കില്‍ 6 മാസം മുന്‍പും ചെറിയ പദ്ധതികള്‍ക്ക് 3 മാസം മുന്‍പും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നാണു നിയമമെങ്കിലും ആരും പാലിക്കാറില്ലെന്ന് മന്ത്രി പറഞ്ഞു.

ജല അതോറിറ്റി എന്‍ജിനീയര്‍മാരും കരാറുകാരും ചേര്‍ന്ന് കള്ളക്കളി നടത്തുകയാണ്. റോഡ് വെട്ടിപ്പൊളിക്കല്‍ അഴിമതിക്കുള്ള പ്രധാന വഴിയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. റോഡ് പൊളിക്കുന്നതിന് മരാമത്ത് വകുപ്പിനു നല്‍കേണ്ട തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജന്‍സികള്‍ അടയ്ക്കാറില്ല. ബി.എസ്.എന്‍.എല്‍, ജലഅതോറിറ്റി അടക്കമുള്ളവ റോഡ് പൊളിക്കുന്നുണ്ട്. ഇത് പഴയസ്ഥിതിയിലാക്കാനുള്ള തുക ബജറ്റ് വിഹിതമായി മരാമത്ത് വകുപ്പിനു നല്‍കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ മറ്റു വകുപ്പുകളില്‍നിന്ന് പണം വാങ്ങേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

റോഡ് വെട്ടിപ്പൊളിക്കുന്നതു മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടി എം. സ്വരാജ് അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

We use cookies to give you the best possible experience. Learn more