| Saturday, 25th August 2018, 12:35 pm

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കാന്‍ പദ്ധതിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനനതപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. അറ്റകുറ്റപ്പണികള്‍, പുനര്‍നിര്‍മാണം എന്നിങ്ങനെ രണ്ടു ടെണ്ടറുകളാക്കി 140 അസംബ്ലി മണ്ഡലങ്ങളിലും ഒരേ സമയത്ത് പണിതുടങ്ങും.

ഇതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് ജോലികള്‍ ക്രമീകരിച്ചിട്ടുള്ളത്. തടസങ്ങളും ചെളിയും നീക്കി റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുള്ള ഒന്നാം ഘട്ടം തുടങ്ങിയിട്ടുണ്ട്. അതുകഴിഞ്ഞാല്‍ പാച്ച് വര്‍ക്ക് തുടങ്ങും.

പിന്നീടാണ് പുതുക്കിപ്പണിയാല്‍. നിര്‍മാണ സാമഗ്രികള്‍ പരമാവധി കുറച്ച് മില്ലിംഗ് സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മാണം നടത്തുന്ന ഹൈദരാബാദിലെ വിശ്വസമുദ്ര എന്‍ജിനിയറിംഗ് എന്ന നിര്‍മാണ കമ്പനിയുടെ പ്രതിനിധികള്‍ ഇന്നലെ തിരുവനന്തപുരത്തെത്തി തകര്‍ന്ന ചില റോഡുകള്‍ പരിശോധിച്ചു.


നെടുമങ്ങാട്-കാരേറ്റ് റോഡില്‍ അഞ്ചു കിലോമീറ്റര്‍ ഭാഗം കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കും. ഇതിന് അഞ്ചു ദിവസം മതിയാകും. ഇതുവരെയുള്ള വിലയിരുത്തല്‍ പ്രകാരം ആകെയുള്ള 31812 കിലോമീറ്റര്‍ പാതയില്‍ 13000 കിലോമീറ്റര്‍ തകര്‍ന്നിട്ടുണ്ട്.

ഇതില്‍ 4000 കിലോമീറ്റര്‍ ഉപരിതല ടാറിംഗ് അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതാണ്. 6000 കോടിയാണ് നിര്‍മാണചെലവ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിലേയ്ക്ക് 2200 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ തുകയാണ് ആദ്യഘട്ടങ്ങളിലെ റോഡ് നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more