റോഡിലെ കുഴിയും മരണനിരക്കും; കേന്ദ്ര കണക്കില്‍ യു.പിയും മധ്യപ്രദേശും മുന്നില്‍; കേരളം 16ാമത്
national news
റോഡിലെ കുഴിയും മരണനിരക്കും; കേന്ദ്ര കണക്കില്‍ യു.പിയും മധ്യപ്രദേശും മുന്നില്‍; കേരളം 16ാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st December 2022, 4:22 pm

ന്യൂദല്‍ഹി: റോഡിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുല്‍ പേര്‍ മരിക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് കണക്കുകള്‍. കുഴികളുടെ എണ്ണത്തെപ്പറ്റിയും അവ മൂലമുണ്ടാവുന്ന അപകടങ്ങളെ പറ്റിയുമുള്ള ചോദ്യത്തിന് ഡിസംബര്‍ 22ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2021ലെ കണക്കുകളാണ് മന്ത്രി അവതരിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍പ്രകാരം ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ മരണപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2021ല്‍ 649 പേരാണ് യു.പിയില്‍ മരണപ്പെട്ടത്. 220 പേര്‍ മരിച്ച മധ്യപ്രദേശും 109 പേര്‍ മരിച്ച തമിഴ്‌നാടുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. ആറ് മരണങ്ങളുള്ള കേരളം ലിസ്റ്റില്‍ പതിനാറാമതാണ്.

ഓരോ ദശലക്ഷം പോപ്പുലേഷനിലെ റോഡിലെ കുഴികള്‍ മൂലമുള്ള മരണനിരക്കില്‍ പതിനെട്ടാമതാണ് കേരളം. 0.18 ആണ് കേരളത്തിലെ ശരാശരി നിരക്ക്. ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ അരുണാചല്‍പ്രദേശിലാണ്. 9.39 ആണ് മരണനിരക്ക്. യു.പി(3.25), മധ്യപ്രദേശ്(3.03) എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.

റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കൂടുതല്‍ മരണം നടക്കുന്നുണ്ടെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദേശീയ തലത്തില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിഷയത്തില്‍ കേരളത്തിനെതിരെ പ്രചരണവുമായി എത്തിയിരുന്നു.

റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനിടയില്‍ കേന്ദ്രം പുറത്തുവിട്ട ഈ കണക്കുകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കാരണമായേക്കും.

2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ പോസ്റ്ററും വിഷയത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.

Content Highlight: Road potholes and fatalities, UP and Madhya Pradesh are leading in central figures. Kerala is 16th