| Friday, 2nd February 2018, 7:58 am

'എന്നാലുമെന്റെ സാറെ എട്ടിന്റെ പണിയായി പോയി'; പെട്രോള്‍ ഡീസല്‍ വിലയില്‍ എട്ടുരൂപ കുറച്ച്, എട്ടുരൂപ കൂട്ടി കേന്ദ്ര ബജറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ എല്ലാവരും ശ്രദ്ധയോടെ വീക്ഷിച്ച കാര്യമായിരുന്നു ഇന്ധന വിലയില്‍ നിയന്ത്രണമോ വിലകുറക്കലോ സര്‍ക്കാര്‍ നടപ്പിലാക്കുമോ എന്നത്. എല്ലാവരുടെയും പ്രതീക്ഷ പോലെ ജെയ്റ്റ്‌ലി പെട്രോള്‍ ഡീസല്‍ വില്‍പ്പന നികുതിയില്‍ എട്ടുരൂപയോളം കുറവു വരുത്തിയെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു.

എന്നാല്‍ അവിടെ തീര്‍ന്നിരുന്നില്ല ജെയ്റ്റ്‌ലി മാജിക് വില്‍പ്പന നികുതിയില്‍ എട്ടുരൂപ കുറച്ചെങ്കിലും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയതായി റോഡ് സെസ് ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക ലഭിക്കുമെന്ന കരുതിയ ഗുണഫലം ഇല്ലാതാക്കുകയും ചെയ്തു. ഫലത്തില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ സാധാരണക്കാരന് ഒരു മാറ്റവും ലഭിക്കുകയില്ല.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് അടിസ്ഥാന എക്സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചതിന് പുറമെ ഇവയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അഡീഷണല്‍ എക്സൈസ് നികുതി എടുത്തുകളയുകയുമായിരുന്നു പൊതുബജറ്റ്. ആറുരൂപയായിരുന്നു ഇത്തരത്തില്‍ ഈടാക്കിയിരുന്നത്. റോഡ് സെസസ്സായി ലിറ്ററിന് എട്ടുരൂപയാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. ഫലത്തില്‍ ഒരു നികുതി കുറച്ച് മറ്റൊരു നികുതി ഏര്‍പ്പെടുത്തുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.

ദല്‍ഹി, മുംബൈ, ബെംഗളൂരു,പുണെ, ചെന്നൈ, തുടങ്ങിയ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 80 രൂപ എന്ന റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു എക്സൈസ് നികുതിയില്‍ ഇളവ് വരുത്തിയത്. പെട്രോള്‍ വില കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും റെക്കോര്‍ഡ് വിലയിലേക്കാണ് പെട്രോളിയം ഉത്പ്പന്നങ്ങള്‍ എത്തിയത്.

നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. നികുതി കുറച്ചത് ആഗോള തലത്തില്‍ ഇന്ധനവിലയിലുണ്ടായ വര്‍ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ഗുണം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയതായി റോഡ് സെസ്സ് ഏര്‍പ്പെടുത്തിയത് ഇതും പൊതുജനങ്ങള്‍ക്ക് നഷ്ടമാകും.

We use cookies to give you the best possible experience. Learn more