| Friday, 10th December 2021, 10:21 am

സൗദി എംബസിയ്ക്ക് മുന്നിലെ റോഡിന് ജമാല്‍ ഖഷോഗ്ജിയുടെ പേര്; മുഹമ്മദ് ബിന്‍ സല്‍മാന് യു.എസിന്റെ കൊട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍:സൗദി അറേബ്യന്‍ എംബസിയ്ക്ക് മുന്നിലെ തെരുവിന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ പേര് നല്‍കാനൊരുങ്ങി അമേരിക്ക.

ഖഷോഗ്ജിയോടുള്ള ആദരസൂചകമായി റോഡിന് ‘ജമാല്‍ ഖഷോഗ്ജി പാത’ എന്ന് പേര് നല്‍കാനുള്ള തീരുമാനം വാഷിംഗ്ടണ്‍ സിറ്റി കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും പിന്തുണയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. സൗദി എംബസിയ്ക്കും വാട്ടര്‍ഗേറ്റ് കോംപ്ലക്‌സിനും ഇടയിലുള്ള ന്യൂ ഹാംപ്‌ഷൈര്‍ അവന്യൂവാണ് ഇനി മുതല്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്റെ പേരിലറിയപ്പെടുക. 213 മീറ്റര്‍ നീണ്ടുകിടക്കുന്ന പാതയാണിത്.

”തന്റെ മാധ്യമപ്രവര്‍ത്തനത്തിലൂടെ ജനാധിപത്യത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും നിയമസംവിധാനത്തിന്റേയും വക്താവായിരുന്നു ജമാല്‍ ഖഷോഗ്ജി,” പേര് മാറ്റത്തിനുള്ള ബില്‍ അവതരിപ്പിച്ചുള്ള കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സൗദി എംബസിയ്ക്ക് മുന്നില്‍ തന്നെയുള്ള റോഡിന് ഖഷോഗ്ജിയുടെ പേര് കൊടുക്കുന്നത് വഴി അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കുകയാണ് ചെയ്യുന്നതെന്നും അടിച്ചമര്‍ത്താനാവാത്ത അദ്ദേഹത്തിന്റെ ഓര്‍മകളാണ് ഇതിലൂടെ ആദരിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാഷിംഗ്ടണ്‍ മേയര്‍ മറ്‌യെല്‍ ബൊവ്‌സെര്‍ കൗണ്‍സിലില്‍ നിന്നുള്ള ബില്ലില്‍ ഒപ്പ് വെയ്ക്കുന്നതോട് കൂടി റോഡിന് ഔദ്യോഗികമായി പേര്മാറ്റം നിലവില്‍ വരും.

അമേരിക്കയുടെ പുതിയ നീക്കത്തോട് സൗദി എംബസി പ്രതികരിച്ചിട്ടില്ല.

വാഷിംഗ്ടണ്‍ പോസ്റ്റില്‍ ജോലി ചെയ്തിരുന്ന സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ അഹ്മദ് ഖഷോഗ്ജിയെ 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളായിരുന്നു ഖഷോഗിയെ വധിച്ചത്. അതുകൊണ്ട് തന്നെ വാഷിംഗ്ടണ്‍ സിറ്റി കൗണ്‍സിലിന്റെ നീക്കം എം.ബിഎസിനെതിരായ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനേയും നിരന്തരം വിമര്‍ശിക്കുകയും സൗദിയുടെ യമന്‍ ഇടപെടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നയാളായിരുന്നു ഖഷോഗ്ജി.

2018ല്‍ യു.എസിലെ റഷ്യന്‍ എംബസിയ്ക്ക് മുന്നിലുള്ള റോഡിന് കൊല്ലപ്പെട്ട റഷ്യന്‍ രാഷ്ട്രീയപ്രവര്‍ത്തകനായ ബോറിസ് നെമ്ട്‌സോവിന്റെ പേര് നല്‍കിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ നിരന്തരം വിമര്‍ശിച്ചിരുന്ന നെമ്ട്‌സോവ് 2015ലായിരുന്നു വധിക്കപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Road in front of Saudi Embassy in America to be named after Jamal Khashoggi

We use cookies to give you the best possible experience. Learn more