| Thursday, 25th January 2024, 4:22 pm

തമിഴ്നാട് ഗവർണർക്ക് ഒരു സംസ്ഥാനത്തെയും ഗവർണറാകാനുള്ള യോഗ്യതയില്ല: എൻ. റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മഹാത്മാ ഗാന്ധിയെ കുറിച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകളെ കുറിച്ചുമുള്ള തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ പ്രസ്താവന തമാശ പറയുന്നത് പോലെയാണെന്ന് ദി ഹിന്ദുവിന്റെ മുൻ എഡിറ്റർ എൻ. റാം.

തമിഴ്നാട് ഗവർണറുടെ പ്രസ്താവനകൾ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ന്യൂസ്18 തമിഴ്നാട് ചാനലിന് നൽകിയ അഭിമുഖത്തിൽ റാം പറഞ്ഞു.

കഴിഞ്ഞ ദിവസം നേതാജിയുടെ 127ാം ജന്മവാർഷികത്തിൽ 1942ന് ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും സുഭാഷ് ചന്ദ്ര ബോസാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്നാട് ഗവർണർ ഒരു വേദിയിൽ പറഞ്ഞിരുന്നു.

നേതാജി ഇല്ലായിരുന്നുവെങ്കിൽ 1947ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു എന്നും ആർ.എൻ. രവി പറഞ്ഞിരുന്നു.

‘ഗവർണർ ആയാലും മുഖ്യമന്ത്രി ആയാലും ഇന്ത്യൻ ചരിത്രം ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കരുത്, പ്രത്യേകിച്ച് പ്രധാനപ്പെട്ട വേദികളിൽ. അദ്ദേഹം പറഞ്ഞത്‌ ഒരു തമാശ പോലെയാണ് തോന്നിയത്,’ റാം പറഞ്ഞു.

1942ലെ ക്വിറ്റ് ഇന്ത്യ സമരം മുതൽ വ്രതം ആരംഭിച്ച ഗാന്ധി അത് മരണം വരെ തുടർന്നുവെന്നും ഇത് ഗാന്ധിയെയും ജയിലിൽ ഉള്ള നേതാക്കളെയും പിന്തുണച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള ആളുകൾ കടന്നുവരുന്നതിന് കാരണമായെന്നും റാം പറയുന്നു.

ഒന്നും ചെയ്തില്ല എന്ന് രവി പറയുന്ന സമയം യഥാർത്ഥത്തിൽ ക്വിറ്റ് ഇന്ത്യ യുഗം ആയിരുന്നുവെന്നും ഗാന്ധിയുടെ മഹത്വം തമസ്കരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഭാഷ് ചന്ദ്രബോസ് ഒരു മികച്ച സ്വാതന്ത്ര്യസമര സേനാനിയും ത്യാഗത്തിന്റെ പ്രതീകവുമായിരുന്നുവെങ്കിലും സാമ്രാജ്യത്തെ ശക്തിയായ ജപ്പാനെ സഹായിക്കുവാൻ ഇന്ത്യൻ നാഷണൽ ആർമിക്ക് നേതൃത്വം നൽകിയത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് കാര്യമായ സംഭാവനകളൊന്നും ചെയ്തിട്ടില്ല എന്നും റാം ചൂണ്ടിക്കാട്ടി.

ഫാസിസ്റ്റ് ശക്തികൾ ഇന്ത്യയെ സഹായിക്കുമെന്ന ധാരണയിലും ബോസിന് തെറ്റുപറ്റിയെന്ന് റാം പറഞ്ഞു.

രവിക്കും ആർ.എസ്.എസിനും ബി.ജെ.പിക്കുമിടയിൽ യാതൊരു വ്യത്യാസമില്ലെന്നും തമിഴ് പ്രാചീന കവി തിരുവള്ളുവരെ കാവിവത്കരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് റാം മറുപടി നൽകി.

ഒരു സംസ്ഥാനത്തെയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെയും ഗവർണർ ആകുവാനുള്ള യോഗ്യത ആർ.എൻ. രവിക്കില്ലെന്നും റാം കുറ്റപ്പെടുത്തി.

Content Highlight: RN Ravi ‘Not Fit to Be Governor in Any State or Union Territory’: N Ram

We use cookies to give you the best possible experience. Learn more