|

ഗ്രോ വാസുവിന്റെ പേരിലുള്ള കേസ് പിന്‍വലിച്ച് ജയില്‍ മോചിതനാക്കണം: ആര്‍.എം.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ പേരിലുള്ള കേസ് പിന്‍വലിച്ച് ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ അടിയന്തിര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി.ഐ. കോടതി നടപടി എന്ന പേരില്‍ ഇതിനെ ന്യായീകരിക്കാനാവില്ലെന്നും വാസുവിന്റെ പേരിലുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ആര്‍.എം.പി.ഐ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കേസ് പിന്‍വലിക്കാന്‍ ഭരണനേതൃത്വം കോഴിക്കോട് പൊലീസിന് നിര്‍ദേശം നല്‍കണം. താല്‍പര്യവും ഇഛാശക്തിയുമുണ്ടെങ്കില്‍ മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന നടപടിക്രമങ്ങളുടെ കാര്യമാണിത്. അതിനു സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ജനാധിപത്യ സമൂഹം അതിനു പ്രേരിപ്പിക്കണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.

മൂന്നുപേരെ വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചതിനാണ് 94 പിന്നിട്ട വാസുവിനെതിരെ കേസെടുത്ത് എട്ടുവര്‍ഷത്തിനു ശേഷം ജയിലിലാക്കിയിരിക്കുന്നതെന്നും ഇത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ആര്‍.എം.പി.ഐ പുറിത്തിയക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മൃതശരീരം പൊതുദര്‍ശനത്തിനു വെക്കാന്‍ അനുവദിക്കാതെ, സംസ്‌കാരം വൈകിയതിന്, കൊലചെയ്യപ്പെട്ട കുപ്പുദേവരാജിന്റെ സഹോദരനെ കുത്തിനു പിടിക്കുന്ന പൊലീസ് ഭരണകൂട ഭീകരത അന്ന് കേരളം കണ്ടു. പൊലീസ് വെടിവെയ്പിനെ സംബന്ധിച്ച ഒരന്വേഷണവും എവിടെയും നടന്നില്ലെന്നും ആര്‍.എം.പി.ഐ കുറ്റപ്പെടുത്തുന്നു.

നരേന്ദ്ര മോദിയുടെ ഗുജറാത്തിലും യോഗി ആദിത്യനാഥിന്റെ യു. പിയിലും കണ്ട ഏറ്റുമുട്ടല്‍ കൊലകളുടെ മാതൃകകള്‍ സി.പി.ഐ.എമ്മിന്റെ ഭരണത്തില്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. അതിനു പിറകെയാണ് അലനേയും താഹയേയും യു.എ.പി.എ ചുമത്തി ജയിലിലടച്ചത്.

പ്രതിഷേധിക്കുന്നവരെ കേസില്‍ കുടുക്കി ഒതുക്കുന്നതില്‍ പ്രതിഷേധിക്കുന്നതിനായാണ് ഗ്രോ വാസു ജയിലിലേക്ക് പോയതെന്നും പ്രസ്താവനായുദ്ധം നയിക്കുന്ന ബുദ്ധിജീവി സാംസ്‌കാരിക പ്രതിഷേധത്തിനിത് തിരിച്ചറിയാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

വാസുവിനെ ഉടനടി ജയില്‍ മോചിതനാക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഇത് കേരളത്തിന്റെ തെരുവുകളില്‍ പ്രതിഷേധ സമരങ്ങളെ തടയുന്ന ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധ സമരമായി വളരേണ്ടതുണ്ടെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.

Content Highlight: RMPM asked to withdraw case against Vasu