വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. വടകര, ആലത്തൂര്, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി.ഐ അറിയിച്ചു.
ആര്‍.എം.പിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വടകര. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി. ജയരാജനാണ് മത്സരിക്കുന്നത്. യു.ഡി.എഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
2009ലാണ് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകൃതമായത്. ഇതിനുശേഷമാണ് വടകര മണ്ഡലം എല്‍.ഡി.എഫിന് നഷ്ടമായത്.
പി.ജയരാജനിലൂടെ വടകര തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍ ആര്‍.എം.പി നേടുന്ന വോട്ടുകള്‍ ഇവിടെ നിര്‍ണായകമാകും.
വടകരയില്‍ ആര്‍.എം.പി യു.ഡി.എഫുമായി നീക്കുപോക്ക് ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്നത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടാക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. കെ.കെ രമയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.