| Friday, 17th March 2023, 10:35 pm

'ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളും, കൈകൊള്ളേണ്ട നടപടികളും'; ആരോഗ്യമന്ത്രിക്ക് 18 നിര്‍ദേശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ ആരോഗ്യമേഖലക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് തുറന്ന കത്തുമായി ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി. ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളും നടപടികളും സംബന്ധിച്ച 18 നിര്‍ദേശങ്ങളാണ് ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ടി.എല്‍. സന്തോഷും സെക്രട്ടറി എന്‍. വേണുവും എഴുതിയ തുറന്ന കത്തില്‍ പറയുന്നത്.

കേരളത്തില്‍ ഡോക്ടര്‍മാരുടെ പണിമുടക്കിന്റെ പാശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കുമിടയിലെ സംഘര്‍ഷത്തിന്റേയും ആരോഗ്യരംഗത്തെ പൊതുപ്രശ്‌നങ്ങള്‍ സംബന്ധിച്ചും കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കത്തില്‍ മുന്നോട്ടുവെക്കുന്ന 18 നിര്‍ദേശങ്ങള്‍

1- ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെ രോഗികളുടേയും ബന്ധുക്കളുടേയും പ്രതിഷേധങ്ങളുണ്ടാവുന്നതും അവയില്‍ ചിലത് അക്രമാസക്തമാവുന്നതും അടുത്ത കാലത്തായി വര്‍ധിച്ചു വരുന്നതായി കാണുന്നു. ഇതിനെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാതെ ആരോഗ്യ രംഗത്തെ പൊതുപ്രശ്‌നങ്ങളുടെ ബാഹ്യ പ്രതിഫലനമായി കണ്ട് ശാശ്വത പരിഹാരത്തിനുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്.

2- നമ്മുടെ പൊതുജനാരോഗ്യം ചര്‍ച്ച ചെയ്യുമ്പോള്‍ തുടര്‍ച്ചയായുണ്ടാവുന്ന രോഗബാധകളുടേയും പകര്‍ച്ചവ്യാധികളേയും കാരണങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും ഗൗരവമായ പഠനങ്ങള്‍ നടക്കുന്നതായി കാണുന്നില്ല. കാന്‍സറിന്റേയും, വൃക്ക, കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശം തുടങ്ങി ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടേയും, ആവര്‍ത്തിക്കുന്ന വൈറസ് ബാധകളേയും നമ്മുടെ ആരോഗ്യ സംവിധാനം അഭിസംബോധന ചെയ്യുന്നുണ്ടോ? സംസ്ഥാനത്തെ ഓരോ പഞ്ചായത്ത് വാര്‍ഡിലും സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന നിരവധി വൃക്കരോഗികളുണ്ടാവുന്നതിന്റെ കാരണം ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? ഇത്രയേറെ കാന്‍സര്‍ രോഗികളുണ്ടാവുന്നത് സ്വാഭാവികമാണോ? രോഗമുണ്ടായ ശേഷം ചികിത്സിക്കുന്നതിനെക്കുറിച്ചല്ല.

സമൂഹം രോഗാതുരമാവാതെ സൂക്ഷിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ ഉത്ക്കണ്ഠപ്പെടേണ്ടത്. വാര്‍ഡ് തലം വരെയുള്ള സംവിധാനങ്ങള്‍ വഴി വിവര ശേഖരണത്തിനും ഇടപെടലിനും കഴിയുമെന്നിരിക്കെ അതനുസരിച്ച് ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാക്കുന്ന സമഗ്ര നേതൃത്വം അങ്ങയില്‍ നിന്നുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

3- പ്രാഥമിക തലത്തില്‍ ഗ്രാമീണ മേഖലയില്‍ കിടത്തി ചികിത്സയുണ്ടായിരുന്ന പല ആശുപതികളിലും അത് നിര്‍ത്തി. കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യകേന്ദ്രം എന്നെല്ലാം സ്ഥാപനങ്ങളെ പുനര്‍നാമകരണം ചെയ്തതു കൊണ്ട് സൗകര്യങ്ങള്‍ വര്‍ധിക്കില്ല. ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും വേണം. പുതിയ കാലത്തിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും സ്വാഭാവികമായും മാറേണ്ടതുണ്ട്. പലയിടത്തും മാറിയിട്ടുമുണ്ട്. കെട്ടിടം കൊണ്ട് ചികിത്സ തേടാനാവില്ല. പ്രാഥമിക കേന്ദ്രങ്ങളില്‍ ചികിത്സ ഉറപ്പുവരുത്താന്‍ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നു. അവ പലയിടത്തും കേവലം വാക്‌സിനേഷന്‍ സെന്ററുകളായി ചുരുങ്ങുന്ന സാഹചര്യമുണ്ട്. ഇത് സ്വകാര്യ ആശുപതി ലോബിക്ക് രോഗികളെ എറിഞ്ഞു കൊടുക്കുന്നതിലെത്തുന്ന വിഷയം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.

4- അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ധര്‍മാശുപത്രികള്‍ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളായി പുനര്‍നാമകരണം ചെയ്തിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. കേവലം പേരുമാറിയെന്നല്ലാതെ സേവനങ്ങള്‍ മെച്ചപ്പെട്ടില്ല. പേരുമാറ്റം വഴി പലയിടത്തും.ഡോക്ടര്‍മാരുടെ എണ്ണത്തിലടക്കം കുറവുവരുന്നു.

ആര്‍ദ്രം മിഷന്‍ ഒരു നവലിബറല്‍ അജണ്ടയുടെ ഭാഗമായി വന്‍കിട പ്രതിരോധ ഔഷധനിര്‍മാതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിവരശേഖരണ കേന്ദ്രങ്ങളായി സബ് സെന്ററുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി കുടുംബാരോഗ്യ കേന്ദ്രങ്ങളും മാറുകയാണോ?. ഗവ. ആശുപത്രികളും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും നിര്‍ത്തലാക്കിയതായാണറിയുന്നത്. ഗ്രാമ-ബ്ലോക്ക് തലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സക്ക് സൗകര്യങ്ങളൊരുക്കുന്നതിലും ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ സ്റ്റാഫിനേയും നിയമിക്കുന്നതില്‍ കുറ്റകരമായ ഉദാസീനതയുള്ളതായാണു കാണുന്നത്.

പല കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച ഡോക്ടര്‍മാരെവെച്ചാണ്. ഒ.പി സമയം ദീര്‍ഘിപ്പിക്കുന്നത് തീര്‍ച്ചയായും നല്ലതാണ്. എന്നാല്‍ അതിന്റെ മറവില്‍ കിടത്തി ചികിത്സയടക്കം മറ്റു ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതി എന്ന് അഭ്യര്‍ത്ഥിക്കുന്നു.

5- നേരത്തേ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമുകളില്‍ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ ഫസ്റ്റ് റഫറല്‍ ആശുപതികള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കിടത്തി ചികിത്സ പരമാവധി ഒഴിവാക്കി ഒ.പി സൗകര്യങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളെ പരിമിതപ്പെടുത്താനും നീക്കം നടക്കുന്നതായാണു കാണുന്നത്. താലൂക്ക്, ജില്ലാ , ജനറല്‍ ആശുപത്രികള്‍ക്ക് കുറച്ചു രോഗികളെ മാത്രമേ ഉള്‍ക്കൊള്ളാനാകൂ.

താഴെ തലത്തിലെ കിടത്തി ചികിത്സാ സൗകര്യങ്ങളുടെ കുറവ് ഈ ആശുപത്രികളെ സമ്മര്‍ദ്ദത്തിലാക്കും. ഇപ്പോള്‍ തന്നെ രോഗികളെ ഉള്‍ക്കൊള്ളാനാവാത്ത സാഹചര്യമുള്ളതിനാല്‍ ഇത് കുടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാവും. രോഗികളുടെ ബന്ധുക്കളും ആശുപത്രികള്‍ക്കുംഡോക്ടര്‍മാര്‍ക്കുമിടയിലെ അലോസരങ്ങള്‍ വര്‍ദ്ധിക്കാനിത് ഇടവരുത്തും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഗ്രാമതലത്തില്‍ വരെ കിടത്തിചികിത്സക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്നും ചികിത്സാ സൗകര്യങ്ങള്‍ വികേന്ദ്രീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

6-പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നതില്‍ നിന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് – ജില്ലാ ആശുപത്രികള്‍ എന്ന ഘടനയിലേക്ക് മാറ്റിയത് പല സര്‍ക്കാര്‍ ആശുപത്രികളേയും അവഗണനയിലേക്കും തരംതാഴ്ത്തുന്നതിലേക്കും തള്ളിവിട്ടിട്ടുണ്ട്.

അവയില്‍ ചിലത് സാമൂഹ്യാരോഗ്യകേന്ദ്രങ്ങളായും പിന്നീട് ബ്ലോക്ക കുടുംബാരോഗ്യ കേന്ദ്രം എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു. ചിലത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായും തരംതാഴ്ത്തി. ഗവണ്മെന്റ് ഹോസ്പിറ്റല്‍ കാറ്റഗറിയില്‍ പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന കിടത്തി ചികിത്സയുടേയും വിശേഷിച്ച് പ്രസവ ചികിത്സയുടേയും ശിശുപരിചരണത്തിന്റേയും സൗകര്യങ്ങള്‍ ഇല്ലാതായി. ഇത് അടിയന്തിരമായി പുനപരിശോധിക്കണം. നേരത്തേ ഗവ. ഹോസ്പിറ്റല്‍ കാറ്റഗറിയില്‍ ഉണ്ടായിരുന്ന ആശുപതികള്‍ക്ക് താലൂക്ക് ആശുപത്രി പദവിയും അതനുസരിച്ചുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.

7- നമ്മുടെ പൊതു ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയുടെ ഉരകല്ലായി പ്രസവ ചികിത്സയും ശിശുപരിചരണവും കണക്കിലെടുക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ എത്ര ശതമാനം പ്രസവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ? മനുഷ്യന്റെ സ്വോഭാവിക ജൈവപ്രക്രിയയായ പ്രസവം ഇന്ന് കുടുംബങ്ങളെ കെടുതിയിലാക്കുന്ന ചെലവേറിയ ചികിത്സാവശ്യമായി മാറ്റിയിരിക്കുകയാണ്. ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ കുടുംബം പ്രസവത്തിനും ശിശു പരിചരണത്തിനുമായി ലക്ഷങ്ങള്‍ കണ്ടെത്തണം. വന്‍ കൊള്ളയാണ് ഈ രംഗത്ത് നടക്കുന്നത്. ഗ്രാമതലത്തില്‍ വരെ പ്രസവ സൗകര്യങ്ങള്‍ പൊതുമേഖലയില്‍ ഏര്‍പ്പെടുത്തുന്നതിന് നടപടിയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

8- ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാവരുടേയും അവകാശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും രോഗിയുടെ അവകാശം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആരോഗ്യ രംഗത്ത് ചൂഷണം ചെയ്യപ്പെടുന്നത് രോഗികളാണ്. രോഗികള്‍ക്കുള്ള അവകാശങ്ങളും സുരക്ഷയും സംബന്ധിച്ച് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളുമുണ്ടാവണമെന്ന് ആവശ്യപ്പെടുന്നു.

9- ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നവരും ബന്ധുക്കളും കെണിയില്‍പ്പെട്ട അവസ്ഥയിലാണ്. ചികിത്സ സംബന്ധിച്ച് രണ്ടാമതൊരു അഭിപ്രായം കിട്ടാന്‍ മാര്‍ഗമില്ല. സാധാരണക്കാര്‍ക്ക് അതിനൊരു മാര്‍ഗവുമില്ല. ആശുപത്രി അധികൃതരും ഡോക്ടര്‍മാരും പറയുന്ന ഏത് ചികിത്സക്കും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുകയാണ്. സര്‍ജറി അടക്കമുള്ളവ നിശ്ചയിക്കുന്നതിന് രണ്ടാമതൊരു അഭിപ്രായം അറിയണം എന്നെഴുതിവെച്ചിട്ട് കാര്യമില്ല. അതിനുള്ള സംവിധാനവും മേല്‍നോട്ട സംവിധാനവും ഉണ്ടാക്കുകയും അതുറപ്പുവരുത്തുകയും വേണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ ചികിത്സ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഇടപെടല്‍ ശേഷിയുള്ള മേല്‍നോട്ട സംവിധാനം ഉണ്ടാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

10- അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ ചികിത്സാവിവരങ്ങളും ടെസ്റ്റ് റിപ്പോര്‍ട്ടുകളും ഡോക്ടര്‍മാരുടെ കാണ്ടെത്തലുകളും സംബന്ധിച്ച് രേഖകളുടെ പകര്‍പ്പ് അതാത് സമയത്തു തന്നെ രോഗികളുടെ ബന്ധുക്കള്‍ക്ക് കൈമാറണം. ആവശ്യപ്പെട്ടാല്‍ ഒരാഴ്ചക്കകം നല്‍കണമെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇപ്പോഴത്തെ വ്യവസ്ഥയില്‍ മാറ്റം വരുത്തണം. തര്‍ക്കങ്ങള്‍ ഉയരുമ്പോള്‍ ആശുപത്രികള്‍ അവരുടെ ആവശ്യത്തിനനുസരിച്ച് രേഖകളില്‍ മാറ്റം വരുത്തുന്ന സാഹചര്യം ഒഴിവാകണം. ഇതിനായി മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ഇടപെടണമന്ന് അപക്ഷിക്കുന്നു.

11- രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകളും പരാതി പരിഹാര സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ആശുപത്രികളില്‍ പ്രധാന സ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ നിയമപ്രകാരം വ്യവസ്ഥ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.

12-ഐ.സി.യു രോഗികളെ സന്ദര്‍ശിക്കുന്നതില്‍ നിയന്ത്രണമുണ്ടെങ്കിലും ബന്ധുക്കള്‍ക്ക് ഏത് സമയവും കാണാനാവുന്ന വിധത്തില്‍ CCTV സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥപ്പെടുത്തണം.

13- ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപതികളിലും ഉണ്ടാവുന്ന അക്രമസംഭവങ്ങള്‍ ഈയിടെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇത് കേവല ക്രമസമാധാന പ്രശ്‌നമായി കാണുന്നത് ശരിയല്ല. രോഗികളും ബന്ധുക്കളും അനുഭവിക്കുന്ന സമ്മര്‍ദം എന്താണ് എന്ന് വിലയിരുത്തപ്പെടണം. ആശുപത്രിക്കാര്‍ പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും പണം കണ്ടെത്താന്‍ ഓടിയോടി അവസാനം വേണ്ടപ്പെട്ടവരെ നഷ്ടം വരുന്നതിന്റെ യുക്തി ബോധ്യപ്പെടാത്തവരാണ് പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ പ്രതികളാവുന്നത്. രോഗികളുടെ അവകാശങ്ങളും ചികിത്സാ സമയത്തെ രോഗിയുടെ സ്ഥിതിയും സംബന്ധിച്ച് ബന്ധുക്കളെ അറിയിക്കുന്നതിലുള്ള ഗുരുതര വീഴ്ചകള്‍ ഒഴിവാക്കാന്‍ കൃത്യമായ നടപടിക്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

14- ഉയര്‍ന്നുപൊങ്ങുന്ന പടുകൂറ്റന്‍ ആശുപത്രികളും മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങളും വിദ്യാഭ്യാസകച്ചവടവും ഔഷധ വ്യാപാരവും അവിടെയെല്ലാമുള്ള ലാഭത്തോതും ഈ രംഗത്തെ കണ്ണില്‍ച്ചോരയില്ലാത്ത ചൂഷണം വെളിപ്പെടുത്തുന്നുണ്ട്.

നമ്മുടെ പൊതുആരോഗ്യ രക്ഷാസംവിധാനം ഫലപ്രദമല്ലാത്തതും ആവശ്യത്തിനു തകുന്നില്ലെന്നതും തന്നെയാണ് ആരോഗ്യ രംഗത്തെ സ്വകാര്യ മേഖലയുടെ പിടിമുറുക്കം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടക്കുന്ന മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളിലായിരിക്കണമെന്ന് നിയമപ്രകാരം വ്യവസ്ഥപ്പെടുത്തണം. നയ രൂപീകരണം നടത്തുന്നവരും നിയന്ത്രിക്കുന്നവരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതാണ് അവിടങ്ങളിലെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഒരു ഉപാധി. അതുകൊണ്ടുതന്നെ അപ്രകാരം വ്യവസ്ഥപ്പെടുത്തുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

15- റീഇംപേഴ്‌സമെന്റും ഇന്‍ഷൂറന്‍സും ഇ.എസ്.ഐയും അടക്കമുള്ള മെഡിക്കല്‍ ക്ലെയിമുകള്‍ ചികിസാ കൊള്ളക്ക് ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതു സംബന്ധിച്ച പ്രത്യേക ഓഡിറ്റ് ആവശ്യമാണ്. പലപ്പോഴും രോഗികള്‍ ബില്ലിനെക്കുറിച്ച് ആശങ്കപ്പെടുകയോ കൃത്യമായി പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നതും അവര്‍ക്ക് അതിനുള്ള അറിവില്ല എന്നതും ദുരുപയോഗപ്പെടുത്ത പ്പെടുന്നുണ്ട്. ക്ലെയിം ഉള്ള രോഗികള്‍ക്ക് അനാവശ്യ ചികിത്സയും ചിലപ്പോള്‍ സര്‍ജറിയും വരെ നടത്തുന്നതായുള്ള പരാതികള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍  കണക്കിലെടുത്ത് ആവശ്യമായ പരിശോധനാ ക്രമീകരണങ്ങള്‍ വ്യവസ്ഥ പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

16- സ്വകാര്യ ആശുപത്രികള്‍ ലാഭകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത് രോഗികള്‍ക്ക് അനാവശ്യ ചെലവുകള്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കും ഇടവരുത്തുന്നതു പോലെ തന്നെ ഡോക്ടര്‍മാരേയും കടുത്ത സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇക്കാര്യം രോഗി- ഡോക്ടര്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണമാണ്. ഇതു പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.

17- സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തത ഡോക്ടര്‍മാരേയും രോഗികളേയും സമ്മര്‍ദത്തിലാക്കുന്നു. ഇതും സംഘര്‍ഷങ്ങള്‍ക്ക് ഒരു കാരണമാണ്. താഴെ തട്ടില്‍ വരെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ഇതിനു പരിഹാരം കാണണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

18- ആശുപത്രികളിലും ഡോക്ടര്‍മാരുമായും ഉണ്ടാവുന്ന സംഘര്‍ഷങ്ങളിലും കയ്യേറ്റങ്ങളിലും വ്യക്തിപരമായ കയ്യേറ്റങ്ങളും അതിക്രമങ്ങളും ഉണ്ടാവാമെങ്കിലും രോഗികളും ഡോക്ടര്‍മാരും ആശുപത്രികളിലും ഊണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ പ്രധാന വിഷയമായിക്കണ്ട് പരിശോധിക്കാനും അതേ സമയം കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടിയെടുക്കാനും തയ്യാറാവണമെന്നും ആവശ്യപ്പടുന്നു.

Content Highlight: RMPI State Committee has written an open letter to Health Minister Veena George with suggestions for the health sector in Kerala

We use cookies to give you the best possible experience. Learn more