| Saturday, 8th September 2018, 4:31 pm

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 12ന് ബിഷപ്പ് ഹൗസിലേക്ക് ആര്‍.എം.പി.ഐയുടെ മഹിളാ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രക്ഷോഭം. സെപ്റ്റംബര്‍ 12ന് പഞ്ചാബിലെ ജലന്ധറിലെ ബിഷപ്പ് ഹൗസിലേക്ക് മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തുമെന്ന് ആര്‍.എം.പി.ഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതുവരെ നിരന്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അതോടൊപ്പം കേരളത്തിലും പ്രക്ഷോഭം നടത്തുമെന്ന് ആര്‍.എം.പി.ഐ അറിയിച്ചു.

Also Read:“വൈദ്യപരിശോധന നടത്തിയാലറിയാം അവര്‍ പരിശുദ്ധകളാണോയെന്ന്” കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ

സ്ത്രീപീഡനക്കേസുകള്‍ അട്ടിമറിക്കാനും ഇരകള്‍ക്ക് നീതിനിഷേധിക്കാനും ശ്രമിക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിന് ഇരയായ സ്ത്രീ പരാതി നല്‍കി രണ്ടുമാസം പിന്നിട്ടിട്ടും കേരളാ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. മാത്രവുമല്ല പരാതി നല്‍കിയ കന്യാസ്ത്രീയെ മൊഴിയെടുക്കാനെന്ന പേരില്‍ തുടര്‍ച്ചയായി വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയാണെന്നും ആര്‍.എം.പി.ഐ ആരോപിച്ചു.

പരാതി നല്‍കിയ കന്യാസ്ത്രീയെ വന്‍തുകയും മഠം സ്ഥാപിക്കാനുള്ള സ്ഥലവും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനുമടക്കമുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ഒരുക്കി നല്‍കുകയാണ് പൊലീസ് ചെയ്തതെന്നും ആര്‍.എം.പി.ഐ കുറ്റപ്പെടുത്തി.

സ്ത്രീപീഡനക്കേസുകളില്‍ ആദ്യത്തെ നടപടി കുറ്റാരോപിതനെ അറസ്റ്റു ചെയ്ത് തെളിവുകള്‍ കണ്ടെത്തുകയാണ്. ഈ കീഴ്‌വഴക്കമാണ് ബിഷപ്പിന്റെ കാര്യത്തില്‍ പൊലീസ് ലംഘിച്ചിരിക്കുന്നത്.

പരാതിക്കാരിയെ വധിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെട്ടിട്ടും കേരളാ പൊലീസ് ജലന്ധര്‍ ബിഷപ്പിനു മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ്. നിയമവാഴ്ച അട്ടിമറിക്കപ്പെട്ടതിന്റെ ദൃഷ്ടാന്തമാണിത്.

സി.പി.ഐ.എം എം.എല്‍.എ പി.കെ ശശിക്കെതിരെ ഉയര്‍ന്നിട്ടുള്ള പീഡനക്കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണ്. വിഷയത്തിന്റെ സര്‍ക്കാറിന്റെയും സി.പി.ഐ.എം നേതാക്കളുടെയും പ്രസ്താവനകള്‍ ലജ്ജാകരമാണെന്നും ആര്‍.എം.പി.ഐ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more