| Monday, 19th February 2018, 7:29 pm

'ഒഞ്ചിയത്തെ സി.പി.ഐ.എം തേര്‍വാഴ്ച ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരും'; ദല്‍ഹി എ.കെ.ജി ഭവനു മുന്നില്‍ വനിതാ പ്രതിഷേധത്തിനൊരുങ്ങി ആര്‍.എം.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒഞ്ചിയത്തും പരിസര പ്രദേശത്തും സി.പി.ഐ.എം നടത്തുന്ന അക്രമരാഷ്ട്രീയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ആര്‍.എം.പി.ഐ. അക്രമങ്ങള്‍ക്കെതിരെ ഫെബ്രുവരി 21 നു ദല്‍ഹി എ.കെ.ജി ഭവനു മുന്നില്‍ കെ.കെ രമയുടെ നേതൃത്വത്തില്‍ വനിതാ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍.എം.പി.ഐ വ്യക്തമാക്കി.

ഭരണത്തിന്റെ പിന്‍ബലത്തില്‍ ഗുണ്ടാസംഘങ്ങളെ കയറൂരിവിട്ട് ഒഞ്ചിയം മേഖലയില്‍ സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയവും വ്യാപകവുമായ കടന്നാക്രമണങ്ങള്‍ ആര്‍.എം.പി.ഐയുടെ നേതൃത്വത്തില്‍ സി.പി.ഐ.എം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സമാനതകളില്ലാത്ത ആക്രമണ പരമ്പരകളാണ് ഒഞ്ചിയം മേഖലയില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കും നേരെ സി.പി.ഐ.എം ക്രിമിനല്‍ സംഘങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആര്‍.എം.പി.ഐ പറഞ്ഞു.

“ആര്‍.എം.പിയെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഈ കടന്നാക്രമണങ്ങള്‍ ഒഞ്ചിയം മേഖലയില്‍ സൈ്വര്യജീവിതതവും ജനാധിപത്യ സാമൂഹ്യ ജീവിതവും അസാധ്യമാക്കിയിരിക്കുന്നു. സി.പി.ഐ.എം നേതാക്കളുടെ പങ്കാളിത്തത്തിലും പൊലീസിന്റെ നിഷ്‌ക്രിയ സാന്നിധ്യത്തിലുമാണ് ഭീകരമായ ഈ കടന്നാക്രമണങ്ങളില്‍ മിക്കവയും അരങ്ങേറിയത് എന്നതാണ് അത്യന്തം ഗൗരവമേറിയ വസ്തുത. ആക്രമണങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് അടക്കമുള്ള ഇറക്കുമതി ചെയ്യപ്പെട്ട പ്രൊഫഷണല്‍ ക്രിമിനല്‍ സംഘങ്ങളുടെ പങ്കാളിത്തവും ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്.” ആര്‍.എം.പി.ഐ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമണപരമ്പരകള്‍ കൃത്യമായ ആസൂത്രണത്തിലും സി.പി.ഐ.എമ്മിന്റെയും പൊലീസിന്റെയും ഒത്താശയിലാണ് അരങ്ങേറിയതെന്ന കാര്യം വ്യക്തമാണെന്നും ഓര്‍ക്കാട്ടേരിയിലെ ആര്‍.എം.പിയുടെ ഏരിയാ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറിയാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയേയും ഏരിയാ കമ്മിറ്റി അംഗത്തേയും സി.പി.ഐ.എം ഗുണ്ടാസംഘം ഏകപക്ഷീയമായി ആക്രമിച്ചതെന്നും ആര്‍.എം.പി.ഐ കുറ്റപ്പെടുത്തി.

“ആക്രമിക്കപ്പെട്ടവരെ അഡ്മിറ്റ് ചെയ്ത വടകര ഗവണ്‍മെന്റ് ആശുപത്രിക്ക് നേരെ പോലും ആക്രമണം നടത്തി ഭീകരത പരത്തുകയായിരുന്നു സിപിഎം ക്രിമിനല്‍ സംഘങ്ങള്‍. ആര്‍എംപി പ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് ആശുപത്രിക്കുള്ളില്‍ നടന്ന ആക്രമണങ്ങളില്‍ നിരവധി ജനതാദള്‍ പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. ഓഫീസ് ആക്രമണവിവരമറിഞ്ഞെത്തിയ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ ഗുണ്ടാ ആക്രമണത്തിലൂടെ അപായപ്പെടുത്താന്‍ നടന്ന ശ്രമം അങ്ങേയറ്റം അപലപനീയമാണ്.” ആര്‍.എം.പി.ഐ പറയുന്നു.

ആക്രമണങ്ങള്‍ക്ക് വഴങ്ങി രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്നും നിലപാടുകള്‍ക്ക് വേണ്ടി തെരുവില്‍ വെട്ടേറ്റുവീണ ടി പി ചന്ദ്രശേഖരന്‍ മുന്നോട്ടുവെച്ച സമീപനം ഉയര്‍ത്തിപ്പിടിച്ചു തന്നെ ആര്‍.എം.പി മുന്നോട്ടു പോകുമെന്നും പറയുന്ന സംഘടന രാജ്യമാകെ അസഹിഷ്ണുതയ്ക്കും ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ പ്രചാരണവും പ്രവര്‍ത്തനവും സംഘടിപ്പിക്കുന്ന സി.പി.ഐ.എം ദേശീയനേതൃത്വം തങ്ങളുടെ കേരള ഘടകത്തിന്റെ തണലില്‍ അരങ്ങേറുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ഈ കടന്നാക്രമണങ്ങളില്‍ നിലപാട് വ്യക്തമാക്കുക തന്നെ വേണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.

ഒഞ്ചിയത്തെ സി.പി.ഐ.എം തേര്‍വാഴ്ചക്കെതിരെ രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുഴുവന്‍ ശ്രദ്ധക്ഷണിക്കാനും ജനാധിപത്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടാനുമാണ് 21 ന് ദല്‍ഹി എ.കെ.ജി ഭവന് സമീപം പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ആര്‍.എം.പി.ഐ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more