തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് വര്‍ഷവും കേരളത്തില്‍ മഴക്കെടുതിയുണ്ടായ സാഹചര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് ആര്‍.എം.പി.ഐ. ഇത് സംബന്ധിച്ച നിവേദനം ആര്‍.എം.പി.ഐ സംസ്ഥാന സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചു.
ആവശ്യമായ മഴ ലഭിക്കും മുന്‍പ് തന്നെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വ്യാപകമായി ഉണ്ടായി എന്നത് അടിയന്തിരവും ദീര്‍ഘകാലത്തേക്കുള്ളതുമായ നടപടികളും നയപരമായ തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു.
2018ലെ അധിവര്‍ഷത്തിന്റെയും മഹാപ്രളയത്തിന്റെയും കെടുതികള്‍ക്ക് പുറകെ 2019 ലും രൂക്ഷമായ വെള്ളപ്പൊക്കത്തിന്റെയും വ്യാപകമായ ഉരുള്‍പൊട്ടലിന്റെയും കെടുതികള്‍ നമ്മുടെ സംസ്ഥാനം അനുഭവിക്കുകയാണ്. നമുക്ക് ആവശ്യമായ മഴ ലഭിക്കും മുന്‍പ് തന്നെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വ്യാപകമായി ഉണ്ടായി എന്നത് സൂക്ഷ്മ വിചിന്തനത്തിന്റെ അടിസ്ഥാനത്തിലുള്ള ചില അടിയന്തിര നടപടികളും ദീര്‍ഘകാല നടപടികളും നയപരമായ തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട്.
കൃഷിയിലും നിര്‍മ്മാണ പ്രവര്‍ത്തങ്ങളിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ പൊട്ടിത്തകരാവുന്ന പാരിസ്ഥിതിക മേഖലകളാണെന്ന് (Echo Fragile) മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ച ഇടങ്ങളിലാണ് വ്യാപകമായി ഉരുള്‍പൊട്ടലുകളുണ്ടായിട്ടുള്ളത്.ഇവിടങ്ങളില്‍ ക്വാറികളും മറ്റു ഇടപെടലുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വളരെ കൂടുതലായിട്ടുണ്ടെന്നും വ്യക്തമാണ്. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങളാണ് തിരിച്ചടി നേരിടുന്നത്.നിലനില്‍പ്പും ആവശ്യകതയും കണക്കിലെടുത്ത് പ്രവൃത്തികള്‍ പരിമിതപ്പെടുത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്.
2018ലെ പ്രളയാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആര്‍ എം പി ഐ കേരള സംസ്ഥാന കമ്മറ്റി കേരള സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പ്രതിപാദിച്ചിരുന്നു.അതു സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ ഉണ്ടായതായി അറിയില്ല . 2019 വര്‍ഷത്തെ അനുഭവം കൂടി കണക്കിലെടുത്ത് ചില അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. വന്‍കിട നിര്‍മാണങ്ങളും ലാഭവും മാത്രം ലക്ഷ്യമിടുന്ന വികസന കാഴ്ചപ്പാട് തിരുത്തുക ഇതിനാവശ്യമാണ്.
1. പശ്ചിമഘട്ട മലനിരകളിലുണ്ടാകുന്ന ദുരന്തങ്ങളുടെ അനുഭവം കൂടി കണക്കിലെടുത്ത് മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക.പാരിസ്ഥിതിക രംഗത്ത് വൈദഗ്ധ്യമൊന്നുമില്ലാത്ത കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉപേക്ഷിക്കുക .
2. കേരളത്തിന്റെ തീരദേശത്തുടനീളം ഒരു ബണ്ടിന് സമാനമായി കെട്ടിപ്പൊക്കാനുദ്ദേശിക്കുന്ന ദേശീയ പാത 66 ന്റെ ഇപ്പോഴത്തെ പദ്ധതി ഉപേക്ഷിക്കുക. നമ്മുടെ ഭൂപ്രക്യതിയും ജനപഥങ്ങളും സംരക്ഷിക്കുന്നതിന് ഉതകും വിധം യാത്രാ വര്‍ദ്ധനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതി പുനരാവിഷ്‌ക്കരിക്കുക. ഇപ്പോഴത്തെ പദ്ധതി പ്രകാരമുള്ള രാക്ഷസനിര്‍മ്മിതിക്കാവശ്യമായ കല്ലിനും മണ്ണിനുമായി നമ്മുടെ മലനിരകള്‍ തകര്‍ക്കേണ്ടി വരും. നീര്‍ത്തടങ്ങളും ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളും തോടുകളും മറ്റും നികത്തേണ്ടി വരും. ഇതിന്റെയെല്ലാം അനന്തരഫലങ്ങളും അവയുടെ സമ്പദ് വ്യവസ്ഥക്ക് താങ്ങാനാവാത്ത ചെലവ് വരുത്തുമെന്നതും ചുങ്കം പിരിക്കുന്ന സ്വകാര്യപാത യാണുണ്ടാവുന്നതെന്നതും പരിഗണിക്കേണ്ടതുണ്ട്.
3. സംസ്ഥാനത്തുടനീളമുള്ള ക്വാറികളുടെ പ്രവര്‍ത്തനം ഉടനടി നിര്‍ത്തിവക്കുക. ആഘാതങ്ങള്‍ പഠിച്ച് ശാസ്ത്രീയ നിയന്ത്രണങ്ങളോടെ മാത്രം ക്വാറികള്‍ അനുവദിക്കുക.
4. നീര്‍ത്തടങ്ങളിലേയും മലനിരകളിലേയും എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് പാരിസ്ഥിതിക – ശാസ്ത്രീയ പരിശോധന നടത്തുക.
5. ജലനിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങളിലെ തടസ്സങ്ങളും അവ ചുരുങ്ങിയതും വില്ലേജ് തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പരിശോധിച്ച് വെള്ളമൊഴുകിപ്പോകുന്നതിനാവശ്യമായ നടപടികളെടുക്കുക.