കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇനി ആര്‍.എം.പി.ഐ പ്രസിഡന്റ്. ആര്‍.എം.പി.ഐ അംഗം ടി. രഞ്ജിത്ത് പുതിയ പ്രസിഡന്റായി അധികാരമേറ്റു. കോണ്‍ഗ്രസില്‍ നിന്നുള്ള ജയശ്രീ ദിവ്യപ്രകാശാണ് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്.
മുസ്‌ലിം ലീഗ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ രാജിവെച്ചൊഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ ആര്‍.എം.പി.ഐ ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം രണ്ടായി. നിലവില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നതും ആര്‍.എം.പി.ഐ ആണ്. ഏറാമലയില്‍ അവസാന രണ്ടര വര്‍ഷം പ്രസിഡന്റ് പദവി ആര്‍.എം.പി.ഐക്ക് നല്‍കാനും ധാരണയുണ്ട്.
നേരത്തെ മാവൂരില്‍ ആര്‍.എം.പി.ഐ പിന്തുണയോടെയായായിരുന്നു മുസ്‌ലിം ലീഗ് ഭരണത്തിലേറിയത്. നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ച ധാരണപ്രകാരമാണ് ഉമ്മര്‍ മാസ്റ്റര്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്.
മുസ്‌ലിം ലീഗിന് അഞ്ച് അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളുമുണ്ട്. ആര്‍.എം.പി.ഐ പിന്തുണയോടെ പഞ്ചായത്തില്‍ 18ല്‍ പത്ത് പേരുടെ പിന്തുണ യു.ഡി.എഫിനുണ്ടായിരുന്നു. അതേസമയം, സി.പി.ഐ.എമ്മാണ് മാവൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പഞ്ചായത്തില്‍ സി.പി.ഐ.എമ്മിന് എട്ട് അംഗങ്ങളുണ്ട്.