| Friday, 27th June 2014, 10:00 am

സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കും: ആര്‍.എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വടകര: ജനകീയസമരങ്ങളില്‍ സി.പി.ഐ.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്നും അതില്‍ സി.പി.ഐ.എമ്മിനോടൊപ്പം യോജിക്കുന്നതില്‍ ആര്‍.എം.പി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ദേശിയതലത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഫാസിസത്തിനെതിരെയുള്ള വിശാലമായ ഐക്യമുന്നണിയില്‍ മുഴുവന്‍ ഇടതുപക്ഷ പാര്‍ട്ടികളും ഒന്നിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ മാത്രമല്ല ഈ നയങ്ങളുടെ വക്താക്കളായിരുന്ന കോണ്‍ഗ്രസിനെതിരെയും ജനശബ്ദം ഉയരേണ്ടതുണ്ട്.

കോണ്‍ഗ്രസിന്റെ അതേ നയം പിന്തുടര്‍ന്നതു കൊണ്ടാണ് സി.പി.ഐ.എം ജനങ്ങളില്‍ നിന്നകന്നതും തകര്‍ന്നതും. കേരളത്തിലടക്കം കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങിക്കൊണ്ടുള്ള കാര്യങ്ങളാണ് ഇരുപക്ഷവും ചെയ്ത് വരുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ രണ്ടു കക്ഷികളും തകര്‍ന്നടിഞ്ഞത് നാമെല്ലാവരും കണ്ടതാണ്.

ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇനി മുന്നോട്ട് പോകണമെങ്കില്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. അത്തരം ജനകീയസമരങ്ങളായിരുന്നു ദേശീയപാത കുടിയിറക്ക് വിരുദ്ധസമരം, അതിവേഗ റയില്‍വേക്കെതിരുള്ള സമരം കൂടാതെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ സീപനങ്ങള്‍ക്ക് എതിരെയുള്ള സമരം. ഈ സമരങ്ങളെല്ലാം കോര്‍പ്പറേറ്റ് വിരുദ്ധ സമരങ്ങള്‍ കൂടിയാണ്. നയപരിപാടികളില്‍ ഇടതുപക്ഷ സ്വഭാവം ഉയര്‍ത്തിപ്പിടിക്കുകയാണെങ്കില്‍ ജനപക്ഷ സമരങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍.എം.പി തയ്യാറാണ്.

നയപരമായ സമീപനങ്ങളോട് എതിര്‍പ്പുകള്‍ തുടരുമ്പോഴും ടോള്‍ വിരുദ്ധ സമരം പോലെ ജനപക്ഷത്തോടൊപ്പം നില്‍ക്കുന്ന പ്രക്ഷോഭ സമരങ്ങളില്‍ സി.പി.ഐ.എമ്മിനോടൊപ്പം ചേരുന്നതിനു ആര്‍.എം.പിക്ക് എതിര്‍പ്പില്ല.

മനുഷ്യന്റെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമരത്തില്‍, സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള കൈനാട്ടി ടോള്‍ വിരുദ്ധ സമരത്തോടൊപ്പം അണിചേരാന്‍ സി.പി.ഐ.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് വരണമെന്നും എന്‍. വേണു ആഹ്വാനം ചെയ്തു.

കൈനാട്ടിയില്‍ റെയില്‍വേ മേല്‍പ്പാലം ടോള്‍ പിരിവിനെതിരെ റവല്യൂഷണറി യൂത്ത് നടത്തിയ പ്രതിരോധപ്പകല്‍ എന്ന പരിപാടി അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more