തിരുവനന്തപുരം: എം.എല്‍.എ കെ.കെ. രമയെ അപമാനിച്ച സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍.എം.പി. സച്ചിന്‍ ദേവ് എം.എല്‍.എ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ക്ക് പുറമെ ദേശാഭിമാനിക്കെതിരെയും മാനനഷ്ടത്തിന് കേസ് നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
നിയമസഭയില്‍ വെച്ച് കെ.കെ.രമക്കെതിരെ നടന്ന ആക്രമണവും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ നടന്ന അപവാദ പ്രചരണങ്ങളും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണെന്ന് ആര്‍.എം.പി ആരോപിച്ചു.
രമക്കെതിരായ വധഭീഷണിയിലും പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. സഭയില്‍ വെച്ചുണ്ടായ അക്രമത്തെക്കുറിച്ച് നിയമ സഭ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും ആര്‍.എം.പി നേതൃത്വം കൂട്ടിച്ചേര്‍ത്തു.
ഈ മാസം നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ കെ.കെ. രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങള്‍ വഴി സി.പി.ഐ.എം കേന്ദ്രങ്ങള്‍ നടത്തിയത്. പരിക്ക് പറ്റി പ്ലാസ്റ്ററിട്ട കൈയുടെ വ്യാജ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ആര്‍.എം.പി പരാതിയില്‍ പറയുന്നുണ്ട്.
അപകടത്തിന് തൊട്ടുപിന്നാലെ ബാലുശ്ശേരി എം.എല്‍.എ സച്ചന്‍ ദേവ് രമയെ പരിഹസിച്ച് പോസ്റ്റും പങ്കുവെച്ചിരുന്നു. രമയുടെ പരിക്ക് വ്യാജമാണെന്നും മാധ്യമ ശ്രദ്ധ ലഭിക്കാനായി രമയും ആര്‍.എം.പിയും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പിന്നാലെ കെ.കെ. രമക്കെതിരെ വധ ഭീഷണിക്കത്തും ലഭിച്ചിരുന്നു. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ പുറത്തുവന്ന കത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഗതിയായിരിക്കും രമക്കെന്നും കത്തില്‍ ഭീഷണി മുഴക്കിയിരുന്നു. കേസില്‍ കെ.കെ. രമ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
വ്യാജ പ്രചരണം നടത്തിയതില്‍ സച്ചിന്‍ ദേവ് എം.എല്‍.എക്കെതിരെ കെ.കെ. രമ നേരത്തെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സച്ചിന്‍ ദേവിന്റെ പോസ്റ്റിന് ശേഷമാണ് തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.