| Saturday, 19th December 2020, 9:02 am

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും, യു.ഡി.എഫ് പിന്തുണ പ്രശ്‌നമല്ല: ആര്‍.എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. ആര്‍.എം.പിയുടെ തീരുമാനത്തെ പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും എന്‍.വേണു മീഡിയാവണിനോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വടകരയില്‍ മുതല്‍ക്കൂട്ടാകും. യു.ഡി.എഫ് പിന്തുണക്കുമോ ഇല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാന്‍ നേരത്തെ ഗുണപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നെന്നും എന്‍.വേണു പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫുമായി ആര്‍.എം.പി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം ആവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.ഇപ്പോള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം കോണ്‍ഗ്രസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിക്കകത്തും നിന്നും പുറത്തുനിന്നും വന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതൃത്വം നേരിട്ടുക്കൊണ്ടിരിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ സുധാകരന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളടക്കം കെ.പി.സി.സിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്തിന്റെ ഭരണത്തിലുണ്ടായ പോരായ്മകളെ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. ജംബോ കമ്മിറ്റികളും ഗുണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം കെ.പി.സി.സി ആസ്ഥാനത്ത് കെ.സുധാകരനെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന് ആശ്യപ്പെട്ടാണ് ഫ്ളക്സുകള്‍ ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നീ സംഘടനകളുടെ പേരിലാണ് കൂറ്റന്‍ ഫ്ളക്സ് ഉയര്‍ന്നിരിക്കുന്നത്.

”ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ,” എന്നെഴുതിയ ഫ്ളക്സാണ് കെ.പി.സി.സി ആസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്ളക്സില്‍ എഴുതിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RMP will contest Legislative Assembly Election alone, says Secretary N Venu

We use cookies to give you the best possible experience. Learn more